ആര്യയുടേയും, അഞ്ജനയുടേയും വിരലുകള്‍ക്കൊരു മാന്ത്രിക സ്പര്‍ശമുണ്ട്. വരകളിലും കളിമണ്‍ സൃഷ്ടികളിലും ഈ മാന്ത്രികത ദൃശ്യമാണ്. ഈ ചെറുപ്രായത്തില്‍ തങ്ങളുടെ പ്രതിഭാവിലാസത്തില്‍ വിരിഞ്ഞ മനോഹര ദൃശ്യങ്ങളുടെ പ്രദര്‍ശനം വരെ ഒരുക്കിയെന്നറിയുമ്പോഴാണ് ഇവരുടെ അനുഗ്രഹീത കഴിവ് നമുക്ക് ബോധ്യമാകുന്നത്.
ഇരട്ട സഹോദരിമാരായ ആര്യയും അഞ്ജനയും കിടങ്ങൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ്. അങ്കമാലിക്കടുത്ത് തുറവൂര്‍ പഞ്ചായത്തിലെ ശിവജിപുരത്തെ ലെനിന്‍-സുമ ദമ്പതികളുടെ മക്കളാണ്. വീടു തന്നെ ചെറിയ ആര്‍ട്ട് ഗാലറിയാക്കി മാറ്റിയിരിക്കുകയാണിവര്‍. വീട്ടിലേക്ക് കയറി വരുന്നവരെ സ്വാഗതം ചെയ്യുന്നതും ഇവരുടെ സൃഷ്ടികളാണ്.
കൃഷ്ണനും രാധയും ക്രിസ്തുവും മുതല്‍ ഗാന്ധിജി തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി മനോഹര ചിത്രങ്ങളും ഇവര്‍ സാക്ഷാത്കരിച്ചിട്ടുണ്ട്. ഭാസ്‌കര്‍ റാവുജിയുടെ മനോഹരമായ ഓയില്‍ പെയ്ന്റിങ് ഏറെ പ്രശംസ പിടിച്ചുപറ്റിയതാണ്. കാപ്പിപ്പൊടികൊണ്ട് നിര്‍മ്മിച്ചിട്ടുള്ള സരസ്വതിയും മനോഹരമാണ്. കുടങ്ങളിലും മണ്‍പാത്രങ്ങളിലും മനോഹരമായ ദൃശ്യങ്ങള്‍ വിരിയിക്കുവാന്‍ ഇവര്‍ക്കായിട്ടുണ്ട്. നിരവധി നെറ്റിപ്പട്ടങ്ങളും ഇരുവരും നെയ്‌തെടുത്തിട്ടുണ്ട്. മെറ്റല്‍ ഇന്‍ ഗ്രേഡിങ്, ചാക്കോള്‍ പെയ്ന്റിങ്, ഫാബ്രിക് പെയ്ന്റിങ്, ഓട് വര്‍ക്കുകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി മേഖലകളിലും ഇവരുടെ കരസ്പര്‍ശമുണ്ട്. അലുമിനിയം ഷീറ്റില്‍ ബ്ലാക്ക് പെയിന്റ് അടിച്ച് കൊത്തിയെടുക്കുന്ന പ്രത്യേക തരത്തിലുള്ള സൃഷ്ടികള്‍ വ്യത്യസ്തതകൊണ്ടും മനോഹാരിതകൊണ്ടും വേറിട്ട് നില്‍ക്കുന്നു. ഒരാള്‍ വരച്ച് തുടങ്ങിയാലും രണ്ടുപേരും ചേര്‍ന്നെ അവ പൂര്‍ത്തീകരിക്കാറുള്ളു. എന്നാലെ പൂര്‍ണതവരികയുള്ളൂവെന്നാണ് രണ്ട് പേരുടെയും വിശ്വാസം.
അച്ഛന്‍ ലെനിനാണ് ഇവര്‍ക്ക് വേണ്ട പ്രോത്സാഹനങ്ങളും സാഹചര്യങ്ങളും ഒരുക്കി നല്‍കുന്നത്. അങ്കമാലി സിഎസ്എയിലും ശിവജിപുരം കമ്മ്യൂണിറ്റി കേന്ദ്രത്തിലും ഇവരുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനമുണ്ടായിരുന്നു. അങ്കമാലിയിലെ ഒരു ചിത്രകലാസ്ഥാപനത്തിന് കീഴിലാണ് ഇവര്‍ ചിത്രരചന അഭ്യസിക്കുന്നത്. പഠനത്തോടൊപ്പമുള്ള ഇവരുടെ കലാസൃഷ്ടികള്‍ വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും നാട്ടുകാരുടേയും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
എസ്എസ്എല്‍സിയ്‌ക്ക് ശേഷം ചിത്രരചനയില്‍ ഉപരിപഠനം നടത്തണമെന്നാണ് ഇവരുടെ ആഗ്രഹം. ഇതിനായി എല്ലാ സഹായങ്ങളും നല്‍കുവാന്‍ അച്ഛന്‍ ലെനിലും അധ്യാപകരും തയ്യാറാണ്. സ്‌കൂള്‍ വേനലവധിക്കാലത്ത് പൂര്‍ണമായും കലാപഠനം നടത്തുവാനാണ് താല്‍പര്യം. തിരക്കഥാ രംഗത്തും ഇവരുടെ പ്രതിഭാനാളം കാണാം. വിദ്യാരംഗം മത്സരത്തില്‍ ജില്ലാതലത്തില്‍ ഇവരുടെ തിരക്കഥ തിരഞ്ഞെടുത്തിരുന്നു. ആര്യ, അഞ്ജന എന്ന പേരില്‍ തന്നെയാണ് ഇവര്‍ ചിത്രങ്ങള്‍ വരയ്‌ക്കുന്നതും അറിയപ്പെടാന്‍ ഇഷ്ടപ്പെടുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: