തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഗവ. കോണ്ട്രാക്ടര്മാരുടെ ഒരു ബില്ലുപോലും ഇക്കൊല്ലം പാസാക്കിയിട്ടില്ലെന്നും നിലവില്‍ 2500 കോടി രൂപ കുടിശ്ശികയുണ്ടെന്നും കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പറഞ്ഞു. കരാറുകാര്‍ക്ക് അധികബാദ്ധ്യത ഉണ്ടാകാത്ത വിധം കുടിശ്ശിക ഉടനെ തീര്‍ക്കണമെന്നും വകുപ്പുകള്‍ പുനഃസംഘടിപ്പിച്ച് കാര്യക്ഷമത ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് ജനുവരി 10ന് തിരുവനന്തപുരത്തെ ചീഫ് എന്‍ജിനീയര്‍മാരുടെ ഓഫീസുകളില്‍ ധര്‍ണ്ണ നടത്തുമെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ്വര്ഗീസ് കണ്ണമ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സര്‍ക്കിള്‍ ഓഫീസുകളും സബ് ഡിവിഷന് ഓഫീസുകളും നിര്‍ത്തലാക്കി സെക്ഷന്‍ ഡിവിഷന് ഓഫീസുകള്‍ ശാക്തീകരിക്കണം, ഇ ടെണ്ടറിന്റെ അനുബന്ധമായി നടപ്പിലാക്കേണ്ട ഇ കരാര്‍ ഒപ്പിടല്‍, ഇ ഫയല്‍ നീക്കം, ഇ ബില്ലിംഗ് എന്നിവ ഉടനെ ആരംഭിക്കണം. സെക്ഷന്‍ ഓഫീസുകളില്‍ ലബോറട്ടറികള്‍ സ്ഥാപിക്കണം. കണ്‍സള്‍ട്ടന്‍സികള്‍ രൂപീകരിച്ച് വകുപ്പുകളുടേയും ജീവനക്കാരുടേയും അധിക വരുമാനം ഉറപ്പാക്കണം. കുടിശ്ശിക പ്രശ്നം പൂര്‍ണ്ണമായി പരിഹരിക്കുന്നതിന് ലെറ്റര്‍ ഓഫ് ക്രഡിറ്റ് സമ്പ്രദായം അവസാനിപ്പിച്ച് ബാങ്കുകള്‍ വഴി കരാറുകാര്‍ക്ക് നേരിട്ട് പണം നല്കുന്ന രീതി നടപ്പിലാക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. ട്രഷറര്‍ കെ.അനില്‍കുമാര്‍, സെക്രട്ടറി അഷ്റഫ് കടവിളാകം, ജില്ലാ പ്രസിഡന്റ് ആര്. വിശ്വനാഥന്, സെക്രട്ടറി വി.പി.ആര്. റോയ്, വൈസ് പ്രസിഡന്റ് ഇ.എ. വഹാബ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: