ന്യൂദല്‍ഹി: വേലക്കാരിക്കു കൊടുക്കുന്ന ശമ്പളം കുറവാണെന്നു പറഞ്ഞ് ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡയ്ക്കെതിരെ ഉറഞ്ഞുതുള്ളിയ അമേരിക്കയുടെ വൃത്തികെട്ട കള്ളക്കളി പുറത്ത്. അമേരിക്കന്‍ നയതന്ത്ര നയതന്ത്രജ്ഞന് വേലക്കാരിക്ക് നല്‍കുന്നത് വെറും നക്കാപ്പിച്ചയാണെന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്.മുംബൈയിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളിലൊരാള്‍ ഫിലിപ്പൈന്‍സ് സ്വദേശിയായ വിട്ടുവേലക്കാരിക്ക് നല്‍കുന്നത് മണിക്കൂറിന് മൂന്ന് ഡോളര്‍ മാത്രം. അമേരിക്കന്‍ നിയമപ്രകാരം മണിക്കൂറിന് 7.25 ഡോളര്‍ അടിസ്ഥാന വേതനം നല്കണമെന്നുള്ളപ്പോഴാണ് അവരുടെ നയതന്ത്രപ്രതിനിധി വ്യവസ്ഥകള്‍ മറന്നത്. ഒരു പ്രമുഖ ദിനപത്രം ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടു.
ദേവയാനി വേലക്കാരിയുടെ വിസ അപേക്ഷയില്‍ ശമ്പളം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്ത് അപമാനിച്ച അമേരിക്കന്‍ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വീഴ്ത്തിയ വിള്ളല്‍ ഇതുവരെ അടഞ്ഞിട്ടില്ല. ദേവയാനിക്കെതിരായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വാശിപിടിക്കുമ്പോഴാണ് അമേരിക്കയെ വെട്ടിലാക്കി പുതിയ വസ്തുതകള്‍ പുറത്തുവന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യുഎസ് നയതന്ത്രജ്ഞര്‍ തങ്ങളുടെ സ്റ്റാഫുകള്‍ക്ക് മണിക്കൂറിന് ഒരു ഡോളര്‍പോലും ശമ്പളം നല്‍കുന്നില്ലെന്ന് 2009ല്‍ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് അടിവരയിടുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍. മുംബൈയിലെ നയതന്ത്ര പ്രതിനിധിയുടെ നിയമലംഘനത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ചോദ്യത്തിന് അമേരിക്ക ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല. ദേവയാനിയുടെ കാര്യത്തില്‍ കൂടുതല്‍ പിടിമുറുക്കാന്‍ ഇന്ത്യയെ സഹായിക്കുന്ന തെളിവുകള്‍ പുറത്തുവന്നത് അമേരിക്കയെ പ്രതിരോധത്തിലാക്കിക്കഴിഞ്ഞു.
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ വേലക്കാര്‍ക്കും സ്റ്റാഫുകള്‍ക്കും കിട്ടുന്ന സൗകര്യങ്ങളില്‍ പകുതിപോലും അമേരിക്കന്‍ അംബാസിഡര്‍മാരുടെ മറ്റും കീഴിലുള്ളവര്‍ക്ക് ലഭ്യമാകുന്നില്ലെന്ന് രേഖകള്‍ പരിശോധിച്ചാല്‍ മനസിലാക്കാം. ദേവയാനി വേലക്കാരിയായ സംഗീത റിച്ചാര്‍ഡിന് മണിക്കൂറിന് 9.75 ഡോളര്‍ ശമ്പളം നല്‍കിയിരുന്നു, പ്രതിമാസം 1,560 ഡോളര്‍. ഇതില്‍ 560 ഡോളര്‍ (30,000 രൂപ) സംഗീതയുടെ ഭര്‍ത്താവിന്റെ അക്കൗണ്ടില്‍ ഇടും. ബാക്കി 625 ഡോളര്‍ അനുവദനീയമായ തിരിച്ചുപിടിക്കലുകള്ക്കുശേഷം സംഗിതയുടെ കൈയില്‍ നല്‍കും. ദിവസേന എട്ടു മണിക്കൂര്‍ വച്ച് ആഴ്ച്ചയില്‍ 5 ദിവസത്തെ ഡ്യൂട്ടിമാത്രമേ സംഗീതയ്ക്കുണ്ടായിരുന്നുള്ളു. നാട്ടിലേക്കു മടങ്ങുമ്പോള്‍ വിമാന ടിക്കറ്റ് എടുത്തു നല്‍കുമായിരുന്നു. പൂര്‍ണ ആരോഗ്യ സുരക്ഷാ പാക്കേജിലും അവര്‍ ഉള്‍പ്പെട്ടിരുന്നു. ചികിത്സാ ചെലവുകളെല്ലാം വഹിക്കുന്നത് ഇന്ത്യ സര്‍ക്കാരെന്നു സാരം.
മറുവശത്ത് അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഫിലിപ്പൈന്‍ ജോലിക്കാരിക്ക് മാസം തോറും 458 ഡോളര്‍ ശമ്പളമാണ് നിശ്ചയിച്ചിരുന്നത്. ആഴ്ച്ചയില്‍ ആറു ദിവസം ജോലി നോക്കണം. സമയപരിധിയെപ്പറ്റിയൊന്നും കരാറില്‍ പറഞ്ഞിട്ടില്ല. നിശ്ചിത തുകയ്ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് മാത്രമേ അവര്‍ക്കുള്ളു.
നാട്ടിലേക്കുള്ള മടക്കവും സ്വന്തം ചെലവിലാകണം. തൊഴില്‍ ദാതാവ് കരാര്‍ ലംഘിച്ചാല്‍ വേലക്കാരിക്ക് ഇന്ത്യയിലേയോ അമേരിക്കയിലേയോ സ്വന്തംരാജ്യമായ ഫിലിപ്പൈന്സിലേയോ കോടതിയെ സമീപിക്കാനാവില്ല. ജോലി സംബന്ധിച്ച പ്രശ്നങ്ങളിലെ അവസാനവാക്ക് തൊഴില്‍ദാതാവ് തന്നെയായിരിക്കുമെന്ന കുരുക്കും കരാറില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന് ഒരുക്കുവച്ചിട്ടുണ്ട്.
ദേവയാനി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് നയതന്ത്രജ്ഞരെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ദല്‍ഹിയിലെ അമേരിക്കന്‍ എംബസി സ്കൂള്‍ നടത്തിയ നികുതി വെട്ടിപ്പും ഇന്ത്യ ഗൗരവമായെടുത്തുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: