ലിസ്ബണ്‍: അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതക്കായുള്ള യൂറോപ്യന്‍ യോഗ്യതാ മത്സരങ്ങളില്‍ പോര്‍ച്ചുഗലും ഉക്രെയിനും വിജയം കരസ്ഥമാക്കിയപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ ഇറ്റലി സമനിലകൊണ്ട് തൃപ്തിപ്പെട്ടു. കരുത്തരായ സ്വീഡന് പരാജയവും രുചിക്കേണ്ടിവന്നു.
ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കാണ് കരുത്തരായ ഇറ്റലിയെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. ഗ്രൂപ്പില്‍ അപ്രധാനമായ മറ്റൊരു മത്സരത്തില്‍ മാള്‍ട്ട 1-0ന് അര്‍മേനിയയെ പരാജയപ്പെടുത്തി. ഇരു ടീമുകളും യോഗ്യതാ റൗണ്ടില്‍ തന്നെ പുറത്തേക്കുള്ള വഴിയിലാണ്. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ പോലും ഇവര്‍ക്ക് രക്ഷയില്ല.
ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബല്‍ജിയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെര്‍ബിയയെ പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ക്രൊയേഷ്യ ഏകപക്ഷീയമായ ഒരു ഗോളിന് സ്കോട്ട്ലന്റിനോട് പരാജയപ്പെട്ടു. 7 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 19 പോയിന്റുമായി ബല്‍ജിയം ഒന്നാം സ്ഥാനത്തും 16 പോയിന്റുമായി ക്രൊയേഷ്യ രണ്ടാം സ്ഥാനത്തുമാണ്. ഇരു ടീമുകള്‍ക്കും ഇനി മൂന്ന് മത്സരങ്ങളാണ് ബാക്കിയുള്ളത്.
ഗ്രൂപ്പ് സിയില്‍ കരുത്തരായ സ്വീഡന് പുറത്തേക്കുള്ള പാതയിലാണ്. ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ആസ്ട്രിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്വീഡനെ തകര്‍ത്തതാണ് അവര്‍ക്ക് തിരിച്ചടിയായത്. മറ്റൊരു മത്സരത്തില്‍ അയര്‍ലന്റ് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഫാറോ ദ്വീപുകളെ പരാജയപ്പെടുത്തി. 6 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി ജര്‍മ്മനി യോഗ്യതക്ക് അടുത്തെത്തി നില്‍ക്കുകയാണ്. 11 പോയിന്റുമായി ആസ്ട്രിയയാണ് രണ്ടാമത്.
ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരങ്ങളില്‍ സ്ലോവേനിയ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഐസ്ലന്റിനെ പരാജയപ്പെടുത്തിയപ്പോള്‍ കരുത്തരായ നോര്‍വേയെ അല്‍ബേനിയ 1-1ന് സമനിലയില്‍ തളച്ചു.
ഗ്രൂപ്പ് എഫില്‍ നടന്ന പോരാട്ടത്തില്‍ സൂപ്പര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ റഷ്യയെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ലിസ്ബണില്‍ നടന്ന പോരാട്ടത്തില്‍ ഹെല്‍ഡര്‍ പോസ്റ്റിഗയാണ് 9-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടിയത്. ഇതോടെ 7 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി പോര്‍ച്ചുഗല്‍ ഗ്രൂപ്പില്‍ മുന്നിലെത്തി. അഞ്ച് മത്സരങ്ങള്‍ മാത്രം കളിച്ച് 12 പോയിന്റുമായി റഷ്യയാണ് രണ്ടാം സ്ഥാനത്ത്. അപ്രധാനമായ അസര്ബെയ്ജാന്-ലക്സംബര്‍ഗ് പോരാട്ടം 1-1ന് സമനിലയില്‍ കലാശിച്ചു.
ഗ്രൂപ്പ് ജിയില്‍ ലാത്വിയക്കെതിരെ നേടിയ തകര്‍പ്പന്‍ വിജയവുമായി ബോസ്നിയ യോഗ്യതക്ക് ഒരുപടികൂടി അടുത്തു. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബോസ്നിയ ലാത്വിയയെ തകര്‍ത്തത്.
മറ്റൊരു മത്സരത്തില്‍ ഗ്രീസ് 1-0ന് ലിത്വാനിയയെ പരാജയപ്പെടുത്തി യോഗ്യതക്കുള്ള സാധ്യത നിലനിര്‍ത്തി.
ഗ്രൂപ്പ് എച്ചിലെ പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള മോണ്ടെനെഗ്രോ ഉക്രെയിനെതിരായ പോരാട്ടത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടപ്പോള്‍ പോളണ്ട്-മോള്‍ഡോവ മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു.
ഗ്രൂപ്പ് ഐയില്‍ നടന്ന മത്സരത്തില്‍ മൂന്നാം സ്ഥാനക്കാരായ ഫിന്‍ലാന്റ് അവസാന സ്ഥാനക്കാരായ ബലാറസിനെ 1-0ന് പരാജയപ്പെടുത്തി.
അടുത്ത റൗണ്ട് യോഗ്യതാ മത്സരങ്ങള്‍ 11ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: