ഇസ്ലാമാബാദ് : ഇന്ത്യയിലെ ഹിന്ദു, സിഖ് ആരാധനാലയങ്ങളില്‍ സേവനം നടത്തിയ ഡിഎജിയെ പാക്കിസ്ഥാന് പുറത്താക്കി. പാക് ഡപ്യൂട്ടി അറ്റോണി ജനറല്‍ ഖുര്‍ഷിദ് ഖാനെയാണ് പാക് സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പുറത്താക്കിയത്. മത സൗഹാര്‍ദ്ദം കൂടുതല്‍ ദൃഢമാക്കാനാണ് ഇന്ത്യ സന്ദര്‍ശന വേളയില്‍ ഖുര്‍ഷിദ് ഖാന് ഗുരുദ്വാരകളിലും മോസ്ക്കുകളിലും സേവനം നടത്തിയത്. ആരാധനാലയങ്ങളുടെ നിലം തുടച്ചും, പാത്രങ്ങള്‍ കഴുകിയും വിശ്വാസികളുടെ ചെരുപ്പ് തുടച്ചുമായിരുന്നു അദ്ദേഹത്തിന്റെ സേവനം. പെഷവാര്‍ സ്വദേശിയായ ഖുര്‍ഷിദ് ഖാനെ സ്ഥാനഭ്രഷ്ടനാക്കി മറ്റൊരാളെ നിയമിക്കുകയായിരുന്നു. ഖുര്‍ഷിദ് ഖാന് ഇപ്പോള്‍ നേപ്പാള്‍ ഭൂട്ടാന് സന്ദര്‍ശനവേളയിലാണ്.
അറ്റോര്‍ണി ജനറല്‍ ഇര്ഫാന് ഖ്വാദിറാണ് ഖുര്‍ഷിദ് ഖാനെ പുറത്താക്കിയ കാര്യം അറിയിച്ചത്. എന്നാല്‍ പുറത്താക്കലിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയില്ല. ഡപ്യൂട്ടി അറ്റോര്‍ണി ജനറല്‍ സ്ഥാനം സ്ഥിരമലെന്നും ഓരോ മൂന്ന് വര്‍ഷം കഴിയുമ്പോഴും സ്ഥാനചലനം സാധാരണമാണെന്നുമായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന് അറ്റോര്‍ണി ജനറല്‍ നല്കിയ മറുപടി.
തന്നെ പുറത്താക്കിയ വിവരമറിഞ്ഞ് കാഠ്മണ്ഡുവിലുള്ള ഖാന് യാത്ര വെട്ടിച്ചുരുക്കി പാക്കിസ്ഥാനിലേക്ക് തിരിച്ചു. അഴിമതിക്കെതിരെ പോരാടിയതോ, പൊതുസ്ഥലത്ത് അവാമി നാഷണല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച ഹോട്ടലിനെതിരെ പ്രതിഷേധിച്ചതോ മൂലമാകാം തന്നെ പുറത്താക്കിയതെന്ന് അദ്ദേഹം പ്രതികരിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടത് യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചിട്ടുണ്ടാകുമെന്നും ഖാന് ചൂണ്ടിക്കാട്ടി. തന്റെ ഒദ്യോഗിക വാഹനം തിരിച്ചു നല്കാന് മകന് ഖാന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിക്കവെയാണ് ഖാന് ഗുരുദ്വാരകളില്‍ സേവനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: