കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിനിടയില്‍ 50000 ത്തോളം പേര് ഭീകരത കൊണ്ട് രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. ഏതാണ്ട് അഞ്ച് ലക്ഷം പേര് കൈകാലുകളും ശരീരഭാഗങ്ങളും നഷ്ടപ്പെട്ട് ജീവശ്ചവങ്ങളായി ഇന്ത്യയില്‍ കഴിഞ്ഞുകൂടുന്നു. ഇവര്‍ ഭീകരവാദത്തിന്റെ ജീവിച്ചിരിക്കുന്ന ഇരകളാണ്. 2012ല്‍ മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിന് ആക്കം കൂട്ടുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ അതോടൊപ്പം ഗൗരവപൂര്‍വ്വം കണക്കിലെടുക്കേണ്ട വിഷയമാണ് ഭീകരതാവിരുദ്ധപ്പോരാട്ടം.
ഭീകര പ്രവര്‍ത്തനങ്ങളെ നേരിടുന്നതില്‍ വേണ്ടത്ര ദിശാബോധമോ ജാഗ്രതയോ തയ്യാറെടുപ്പോ നമുക്കില്ലെന്നത് വലിയ പോരായ്മ തന്നെയാണ്. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗികവക്താവ് ഭീകരതയെ സമാധാനഘട്ടത്തിലെ യുദ്ധഘട്ടം എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ‘ടെററിസ്റ്റുകളോട്’ കര്‍ശന നിലാട് വേണമെന്നുള്ളതു തന്നെയാണ് യു.എന്‍. നിലപാട്. പക്ഷേ ഇന്ത്യ ഇനിയെങ്കിലും ഗൗരവപൂര്‍വ്വം ഇക്കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു.
അക്രമത്തെ അഹിംസകൊണ്ടും ശത്രുതയെ സ്നേഹം കൊണ്ടും ചെറുത്തു തോല്‍പ്പിച്ച ചരിത്രം ഭാരതത്തിനുണ്ട്. ശ്രീബുദ്ധനും ഗാന്ധിജിയും ഇത്തരം കാഴ്ചപ്പാടിന്റെ വക്താക്കളായിരുന്നു. എന്നാല്‍ ശംഠനോടു ശാഠ്യമെന്ന നിലപാടും നമുക്കന്യമായിരുന്നില്ല. നിര്‍ഭയമായി ശത്രുക്കള്‍ക്കെതിരെ പോരാടി ധര്‍മ്മത്തിന്റെ വെന്നിക്കൊടി പാറിക്കുന്നതില്‍ വിജയിച്ചതില്‍ നമുക്കഭിമാനിക്കാവുന്നതാണ്. എന്നാല്‍ ഈ രണ്ടു മാര്‍ഗ്ഗങ്ങളും തന്ത്രത്തിന്റെ ഭാഗമായി ഉപയോഗിച്ച് വിജയം കൊയ്യുന്നതില്‍ വര്‍ത്തമാനഭാരതം പരാജയപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ആത്മപരിശോധനയ്ക്ക് രാജ്യം തയ്യാറാകേണ്ടതുണ്ട്.
ജീവിക്കാനുള്ള അവകാശം, സ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഇന്ത്യന്‍ ഭരണഘടനയോളം പ്രാമുഖ്യം നല്‍കിയിട്ടുള്ള മറ്റൊരു ഭരണഘടന വേറെയില്ല. ഭരണകൂടമുള്‍പ്പെടെ സകലവിധ സന്നാഹങ്ങളും ഒരു ഭാഗത്തും ഒരു കേവല വ്യക്തി മറുഭാഗത്തുമായി മൗലികാവകാശസംരക്ഷണ കാര്യത്തില്‍ വ്യവഹാരമുണ്ടായാല്‍ നിയമവാഴ്ച വ്യക്തിയുടെ അവകാശം സംരക്ഷിക്കാനായി നിലകൊള്ളുമെന്നുള്ളതാണ് നമ്മുടെ രാജ്യത്തിന്റെ സവിശേഷത. വ്യക്തി താല്പര്യ സംരക്ഷണത്തിന്റെ ഇടിമുഴക്കം നടത്തുന്നവര്‍ ഭീകരതയെ നേരിടേണ്ടി വരുമ്പോള്‍ കുറ്റകരമായ മൗനമോ കെടുകാര്യസ്ഥതയോ കാട്ടുകയാണിവിടെ. വര്‍ത്തമാന ഇന്ത്യ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളിലൊന്നാണിത്. രാഷ്ട്രീയ നേതൃത്വത്തിനും പൊതു സമൂഹത്തിനും കൂടുതല്‍ നിശ്ചയദാര്‍ഢ്യവും ദിശാബോധവും ഇക്കാര്യത്തിലുണ്ടാവണം.
2001 സെപ്റ്റംബര്‍ 11ന് ന്യൂയോര്‍ക്കിലെ ലോകവ്യാപാര സമുച്ചയം ഭീകരര്‍ തകര്‍ത്തത് അമേരിക്ക ഉള്‍പ്പെടെ മാനവരാശിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു. അമേരിക്കയെ ഉന്നം വെച്ച് മുസ്ലീം ഭീകരര്‍ തീര്‍ത്ത കെണിയായിരുന്നു അത്. അതിനെ ന്യായീകരിച്ച് കേരളത്തില്‍ പോലും ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ സമൂഹത്തിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും ദേശസ്നേഹവും പിന്നീടൊരു ഭീകര ആക്രമണം അമേരിക്കയിലുണ്ടാകാതിരിക്കാന് സഹായകമായിട്ടുണ്ട്. അമേരിക്കന്‍ മാധ്യമങ്ങള്‍ ഒന്നടങ്കം രാജ്യം നേരിടുന്ന ഈ വെല്ലുവിളിയെ ചെറുക്കാന്‍ ഒറ്റക്കെട്ടായി തന്ത്രങ്ങളാവിഷ്കരിച്ച് നടപ്പിലാക്കുകയായിരുന്നു.
എന്നാല്‍ നമ്മുടെ സ്ഥിതിയെന്താണ്? 2001 ഡിസംബര്‍ 13 ന് ഇന്ത്യന്‍ പാര്‍ലമെന്റ് മുസ്ലീം ഭീകരര്‍ ആക്രമിച്ചു. ഭീകരര്‍ പാര്‍മെന്റിന് അകത്തു കടക്കാതെ നമ്മുടെ മാനം രക്ഷിക്കുന്നതില്‍ രാജ്യം വിജയിച്ചിരുന്നു. ഇതിനായി ജീവന് ആഹൂതി ചെയ്ത അര്‍ദ്ധ സൈനികരുടെ കുടുംബങ്ങള്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ പ്രീണന സമീപനത്തിലും കെടുകാര്യസ്ഥതയിലും മനംനൊന്ത് ആനുകൂല്യങ്ങള്‍പോലും വേണ്ടെന്നു ഭീഷണിമുഴക്കത്തക്കവിധം കാര്യങ്ങള്‍ അവതാളത്തിലെത്തിയിരിക്കയാണ്. പാര്‍ലമെന്റാക്രമണത്തിന്റെ പേരില്‍ ഭീകരരെ വെള്ളപൂശുന്നതില്‍ മന:സ്സാക്ഷിക്കുത്തില്ലാത്ത എത്രയോ മാധ്യമ പ്രവര്‍ത്തകര്‍ നമ്മുടെ നാട്ടിലുണ്ട്. സുപ്രീംകോടതി വരെ വധശിക്ഷ സ്ഥിരപ്പെടുത്തിയിട്ടും പാര്‍ലമെന്റാക്രമണക്കേസിലെ മുഖ്യപ്രതിയുടെ ശിക്ഷാവാറണ്ടില് ഒപ്പിടേണ്ടി വരുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെയും എഐസിസി ആസ്ഥാനത്തെയും ഉന്നതന്മാര്ക്ക് കൈവിറയ്ക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കെടുതിയാണ് ഇത് വരച്ചുകാട്ടുന്നത്.
മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിരവധി നല്ല നിയമനിര്‍മ്മാണങ്ങള്‍ ഇന്ത്യയില്‍ നടത്തിയിട്ടുണ്ട്. വിവരാവകാശ നിയമം ഈ രംഗത്ത് നല്ലൊരു കാല്‍വയ്പാണ്. സ്വകാര്യതയ്ക്കുള്ള പൗരന്റെ അവകാശം മൗലികാവകാശമാക്കി ‘ടെലിഫോണ്‍ ടാപ്പിങ് കേസില്‍’ സുപ്രീംകോടതി വിധിച്ചിരുന്നു. ഉചിതമായ നിയമനിര്‍മ്മാണവും ഇതുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഭരണഘടനാപരമായി സംരക്ഷിക്കുന്ന മനുഷ്യാവകാശങ്ങളുടെ പ്രതലങ്ങള്‍ ഇന്ത്യയില്‍ വര്ദ്ധിച്ചുവരികയാണെന്നുള്ളത് അഭിനന്ദനാര്‍ഹമാണ്.
എന്നാല്‍ ഭീകരപ്രവര്‍ത്തകര്‍ക്കെതിരായ നടപടികളില്‍ മികവ് കാട്ടാനോ സുരക്ഷ ഉറപ്പുവരുത്താനോ നമുക്കാവുന്നില്ല. അനുഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാനോ മുന്കരുതലെടുക്കാനോ ഇന്ത്യ തയ്യാറായില്ല. കര്‍ശന ഭീകരവിരുദ്ധ നിയമങ്ങള്‍ തന്നെ ഇവിടെ ഇല്ലാതായിക്കൊണ്ടിരിക്കയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം തഴച്ചുവളര്ന്നുനില്ക്കുന്ന രാഷ്ട്രീയ രംഗത്ത് ഭീകരര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനുള്ള ആര്‍ജവം ഭരണകൂടം സ്വീകരിക്കേണ്ടിയിരിക്കുന്നു.
വിദ്യാലയങ്ങളില്‍ ദേശീയത പാഠ്യവിഷയമാക്കാനും ഭീകരത തുറന്നുകാട്ടാനും നമുക്കാവണം. അതിര്‍ത്തി കടന്നെത്തുന്ന ഭീകരരുടെ അപ്രഖ്യാപിത യുദ്ധത്തെ തളച്ചിടാന്‍ ഇന്ത്യയ്ക്ക് കരുത്തുണ്ട്. എന്നാല്‍ ആത്മവിശ്വാസം പകര്‍ന്നു നല്കേണ്ടവര് കുറ്റകരമായ മൗനത്തിലും വാല്മീകങ്ങളിലുമാണെന്നതാണ് നമ്മുടെ ദുര്യോഗം. ഭീകരര്‍ക്കെതിരെ മാനവരാശിയെ ഒന്നടങ്കം ഏകോപിപ്പിക്കാന്‍ ഭാരതം മുന്നിട്ടിറങ്ങേണ്ടതുണ്ട്. ലോകത്തെമ്പാടും സമാധാനവും ശാന്തിയും പുലരാന്‍ ഭാരതീയ സമൂഹത്തോളം സംഭാവനയര്‍പ്പിച്ച മറ്റാരെയും കാണാനുണ്ടാവില്ല. മനുഷ്യാവകാശ സംരക്ഷണവും ഭീകരവിരുദ്ധ വേട്ടയാടലും ഒരേ മനസ്സോടെ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാന്‍ ഭാരതം ഇനി അമാന്തിച്ചുകൂടാ.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: