ന്യൂദല്‍ഹി: രാജീവ് വധക്കേസില്‍ ഉണ്ടായ കാലതാമസം ശിക്ഷ ഇളവു ചെയ്യാന്‍ മതിയായ കാരണമല്ലെന്ന് സത്യവാങ്മൂലം ഫയല്‍ ചെയ്തുകൊണ്ട് കേന്ദ്രം വെളിപ്പെടുത്തി. പ്രതികളുടെ വധശിക്ഷ ഇളവുചെയ്യുന്നതിനെതിരായ തങ്ങളുടെ നിലപാടാണ് കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ ഇളവുചെയ്യുന്നതിനെ സംബന്ധിച്ചുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി നവംബര്‍ 29-ാംതീയതിയിലേക്ക് മാറ്റിവെച്ചു. മുരുഗന്, ശാന്തന്, പേരറിവാളന് എന്നിവരുടെ ഹര്‍ജികളിലാണ് കോടതിയുടെ ഈ നടപടി. കേസ് വിചാരണക്കായി വന്നപ്പോള്‍ എംഡിഎംകെ നേതാവ് വൈക്കോ ചെന്നൈയ്ക്ക് പുറത്തുള്ള ഒരു ഹൈക്കോടതിയിലേക്ക് കേസ് മാറ്റുന്ന കാര്യം ഒരു ഹര്‍ജിയിലൂടെ അപേക്ഷിച്ചിരുന്നതായി ചൂണ്ടിക്കാട്ടി. ഇതിനുശേഷമാണ് ജസ്റ്റിസുമാരായ സി.നാഗപ്പനും എം.സത്യനാരായണനും അടങ്ങുന്ന ബെഞ്ച് കേസിന്റെ വിചാരണ നീട്ടിവെച്ചത് തങ്ങളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്ന പ്രതികളുടെ അപേക്ഷയില്‍ ആഗസ്റ്റ് 30 ന് കോടതി എട്ട് ആഴ്ചത്തെ അവധി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീലിനയച്ച ദയാഹര്‍ജി നിരസിക്കപ്പെട്ട് സപ്തംബര്‍ 9 ന് വധശിക്ഷ നടക്കേണ്ടതായിരുന്നു. മദ്രാസ് ഹൈക്കോടതിയില്‍നിന്നും കേസ് മാറ്റുന്നതു സംബന്ധിച്ച് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനും തമിഴ്നാട് സര്‍ക്കാരിനും മൂന്നുപ്രതികള്‍ക്കും സപ്തംബര്‍ 15 ന് നോട്ടീസ് നല്കി.
ഈ കേസിന്റെ വിചാരണ സുപ്രീംകോടതിയോ മറ്റേതെങ്കിലും ഹൈക്കോടതിയോ നടത്തണമെന്ന് ഹര്‍ജിക്കാരനായ എല്‍.കെ.വെങ്കിട്ട അപേക്ഷിച്ചിരുന്നു. എല്‍ടിടിഇക്കാര്‍ ഈ മൂന്നുപ്രതികള്‍ക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ട് കോടതിയുടെ പ്രവര്‍ത്തനത്തിന് മദ്രാസ് ഹൈക്കോടതിയില്‍ വിഘാതം സൃഷ്ടിക്കുകയാണെന്നും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തില്‍ കേസിന്റെ വാദം കേള്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
1991 മെയ് 21 ന് ശ്രീപെരുംപുത്തൂരില്‍ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് എല്‍ടിടിഇയുടെ മനുഷ്യബോംബ് സ്ഫോടനത്തില്‍ രാജീവ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: