ന്യൂദല്‍ഹി: തൊഴിലാളി സമരം ശക്തമായതിനെ തുടര്‍ന്ന് മനേശ്വര്‍ മാരുതി കാര്‍ നിര്‍മാണ പ്ലാന്റ് അടച്ചു. പ്രശ്നം ഒത്തു തീര്‍ക്കാനുളള ഹരിയാന സര്‍ക്കാരിന്റെ ഇടപെടലും പരാജയപ്പെട്ടതിനെ തുടര്‍ന്നാണു നടപടി. സമരം ഒത്തു തീര്‍ക്കാനുളള നിര്‍ദേശങ്ങള്‍ കമ്പനി മാനെജ്മെന്റും തൊഴിലാളികളും അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്നു ചര്‍ച്ച അലസിപ്പിരിയുകയായിരുന്നു.
കമ്പനി പുതുതായി ഏര്‍പ്പെടുത്തിയ സത് സ്വഭാവ ബോണ്ടില്‍ തൊഴിലാളികള്‍ ഒപ്പു വയ്ക്കണമെന്ന നിര്‍ദേശമാണ് പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടത്. ഒരു കാരണവശാലും ഉദ്പാദന തടസം സൃഷ്ടിക്കുകയോ ജോലിയില്‍ ഇഴച്ചില്‍ ഉണ്ടാക്കുകയോ ചെയ്യാന്‍ പാടില്ലെന്നാണ് ബോണ്ടിലെ ഉളളടക്കം. ഈ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനിവില്ലെന്ന് തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് ഓഗസ്റ്റ് 29 മുതല്‍ കമ്പനി പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.
ചര്‍ച്ചയില്‍ ഹരിയാന ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ ജെ.പി. മന്, അസിസ്റ്റന്റ് ലേബര്‍ കമ്മിണര്‍ നിതിന്‍ യാദവ്, ഗര്ഗാവുന്, ജില്ലാ കമ്മിഷണര്‍ പി.സി. മീന തുടങ്ങിയവര്‍ പങ്കെടുത്തു. സത് സ്വഭാവ ബോണ്ടില്‍ ഒപ്പിടില്ലെന്നും കമ്പനി സസ്പെന്‍ഡ് ചെയ്ത 18 ട്രെയിനികളെ തിരിച്ചെടുക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിയമ നടപടിയുടെ ഭാഗമാണ് ഇതെന്നായിരുന്നു കമ്പനിയുടെ വിശദീകരണം.
തീരുമാനത്തില്‍ ഇരുപക്ഷവും ഉറച്ചു നിന്നതോടെ പ്രശ്ന പരിഹാരം സാധ്യമാകാതെ പോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: