ചിലരെ ശ്രദ്ധിച്ചിട്ടുണ്ടോ? ജീവിതത്തിൽ യാതൊരു നിയന്ത്രണവുമില്ലാതെ നടക്കും. ആത്മീയ കാര്യങ്ങളോടൊക്കെ വലിയ പുച്ഛമായിരിക്കും അപ്പോൾ. അമ്പലത്തിലൊക്കെ പോകുന്നതിനെ പരിഹസിച്ചു എന്നും വരും.
പക്ഷേ, ഇതേ ആൾ മണ്ഡലകാലമായാൽ ആകെ മാറുന്നത് കാണാം. മാലയിട്ടുകഴിഞ്ഞാൽ പിന്നെ പെരുമാറ്റത്തിൽ വിനയം, വാക്കുകളിൽ മാധുര്യം, ജീവിതത്തിൽ തികഞ്ഞ അച്ചടക്കം ! എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഈ മാറ്റത്തിന് പിന്നിലെ രഹസ്യം എന്താണെന്ന്?
മഹിഷിയെപ്പോലും മാളികപ്പുറമാക്കി മാറ്റുന്ന ആ അയ്യപ്പരഹസ്യം എന്താണ്? ഹിന്ദുധർമത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളായ വേദങ്ങളിൽ ഒരു പ്രധാനപ്പെട്ട ഉപദേശമുണ്ട്:
”മനുർഭവ ജനയാ ദൈവ്യം ജനമ്”
വേദങ്ങൾ ആദ്യം പറയുന്നത് മനുഷ്യനാകൂ എന്നാണ് ‘മനു
ർഭവ!’ അതിനുശേഷം പറയുന്നു, ദിവ്യഗുണങ്ങളുള്ള മനുഷ്യരെ സൃഷ്ടിക്കൂ ‘ജനയാ ദൈവ്യം ജനമ്!’
മനുഷ്യരൂപത്തിൽ ജനിച്ചതുകൊണ്ടുമാത്രം ഒരാൾ യഥാർഥ മനുഷ്യനാകുന്നില്ല. മനുഷ്യനു വേണ്ട ഗുണങ്ങൾ ജീവിതത്തിൽ വളർത്തിയെടുക്കണം. അതാണ് ഈ വേദമന്ത്രത്തിന്റെ സന്ദേശം.
ഒരു ഉദാഹരണം പറയാം.
എന്തിനാണ് വിവാഹങ്ങൾക്ക് കുടുംബക്കാരെയും ബന്ധുക്കളെയും നാട്ടുകാരെയുമൊക്കെ ക്ഷണിക്കുന്നത്? വധൂവരന്മാരെ അനുഗ്രഹിക്കാനും അവരുടെ ജീവിതത്തിന് സൗഭാഗ്യം നേരാനുമാണത്.
പക്ഷേ, പലപ്പോഴും നമ്മൾ അവിടെ കാണുന്നതോ?
ഒരു വശത്ത് വിവാഹച്ചടങ്ങുകൾ നടക്കുന്നു. മറുവശത്ത് സദ്യയ്‌ക്ക് സീറ്റ് പിടിക്കാനുള്ള മത്സരം! കൂട്ടത്തല്ല് നടന്ന കല്യാണത്തെക്കുറിച്ചുപോലും നമ്മൾ കേട്ടിട്ടുണ്ട്! ഇതൊക്കെ നമ്മെക്കൊണ്ട് ചെയ്യിക്കുന്നത് നമ്മുടെ ഉള്ളിലുള്ള മഹിഷിയാണ്.
മഹിഷി എന്നതൊരു പുരാണകഥാപാത്രം മാത്രമല്ല. നമ്മുടെ ഉള്ളിലെ അഹങ്കാരം, സ്വാർഥത, അസൂയ, കോപം, നിയന്ത്രണമില്ലാത്ത ആഗ്രഹങ്ങൾ എന്നിവയുടെ പ്രതീകമായും അതിനെ കാണാം. മറ്റുള്ളവരുടെ സന്തോഷത്തിൽ അസ്വസ്ഥരാകുമ്പോഴും സ്വന്തം താൽപര്യങ്ങൾക്കുവേണ്ടി മറ്റുള്ളവരെ വേദനിപ്പിക്കുമ്പോഴും നമ്മുടെ ഉള്ളിലെ മഹിഷിയാണ് പുറത്തുവരുന്നത്.
ഈ മഹിഷിയെ തിരിച്ചറിയുകയും അതിനെ കീഴടക്കുകയും ചെയ്യുമ്പോഴാണ് യഥാർഥത്തിൽ നാം മനുഷ്യരാകുന്നത്. ‘മനുഷ്യനാകൂ’ എന്ന വേദോപദേശത്തിന്റെ പൊരുൾ ഇതാണ്.
ഇനി അടുത്ത ഘട്ടം. മനുഷ്യനിൽനിന്ന് ദേവനിലേക്കുള്ള വളർച്ച!
ദിവ്യഗുണങ്ങൾ ജീവിതത്തിൽ വളർത്തിയെടുക്കുമ്പോഴാണ് ഒരാൾ ദേവനാകുന്നത്. സത്യം, അഹിംസ, ബ്രഹ്മചര്യം, ദാനം, സരളജീവിതം തുടങ്ങിയവയെല്ലാം വേദങ്ങൾ ഉയർത്തിപ്പിടിക്കുന്ന ദിവ്യഗുണങ്ങളാണ്.
എന്നാൽ ഇവയെക്കുറിച്ച് അറിഞ്ഞതുകൊണ്ടുമാത്രം കാര്യമില്ല. ജീവിതത്തിൽ പകർത്തണം. ആ പകർത്തലിനെയാണ് നാം ആചരണം എന്നു വിളിക്കുന്നത്.
ഇവിടെ ഒരു കാര്യം ഓർക്കണം. വേദങ്ങൾ പഠിച്ചിട്ടും നശിച്ച ഒരാളുണ്ട്. വളരെ കുറച്ച് അറിവുണ്ടായിരുന്നിട്ടും ജീവിതത്തിൽ വലിയൊരു മാറ്റം നേടിയ മറ്റൊരാളുമുണ്ട്. ആരാണവർ?
”ആചാരഹീനം ന പുനന്തി വേദാഃ” എന്നൊരു ചൊല്ലുണ്ട്. ആചാരമില്ലാത്തവനെ ശുദ്ധീകരിക്കാൻ വേദങ്ങൾക്കുപോലും കഴിയില്ല എന്നതാണ് അതിന്റെ അർഥം.
രാവണന് വേദങ്ങളിലും ശാസ്ത്രങ്ങളിലും വലിയ പാണ്ഡിത്യമുണ്ടായിരുന്നു. എന്നാൽ അറിവിനനുസരിച്ചുള്ള ജീവിതം നയിച്ചില്ല. അഹങ്കാരവും അധർമവും അവനെ നാശത്തിലേക്ക് നയിച്ചു. നേരെമറിച്ച്, അറിവ് പരിമിതമായിരുന്ന ഒരാൾ പോ
ലും ജീവിതത്തിൽ നന്മയുടെ പാത സ്വീകരിച്ചാൽ വലിയ പരിവർത്തനത്തിന് വിധേയനാകാം. വേടനായിരുന്ന രത്‌നാകരൻ വാൽമീകിയായി മാറിയ കഥ അതിന് ഉദാഹരണമാണ്.
അറിവിനേക്കാൾ പ്രധാനം അതിന്റെ ആചരണമാണ്.
ശബരിമല വ്രതത്തിന് ഇത്രയധികം ചിട്ടകളും നിയമങ്ങളും നിശ്ചയിച്ച നമ്മുടെ പൂർവികരായ ഋഷിമാർ ലക്ഷ്യമിട്ടതും ഇതുതന്നെയാണ്. മനുഷ്യനിലെ ദുർഗുണങ്ങളെ നിയന്ത്രിച്ച് ദിവ്യഗുണങ്ങളെ വളർത്തിയെടുക്കാനുള്ള ഒരു ജീവിതപദ്ധതി! അതാണ് 41 ദിവസത്തെ വ്രതത്തിന്റെ ആന്തരിക ലക്ഷ്യം. ഈ പരിവർത്തനം സംഭവിക്കുമ്പോൾ പിന്നെ അവിടെ രമേഷും സുരേഷുമില്ല. എല്ലാവരും അയ്യപ്പന്മാർ! എല്ലാവരും മാളികപ്പുറങ്ങൾ!
അപ്പോൾ ഒരു സംശയം ബാക്കിയാകുന്നു. ആധ്യാത്മികതയോട് വലിയ താൽപര്യമൊന്നുമില്ലാതെ ജീവിക്കുന്നവർ പോലും ഓരോ വർഷവും മണ്ഡലകാലമാകുമ്പോൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട പല ശീലങ്ങളും ഉപേക്ഷിച്ച്, പല നിയന്ത്രണങ്ങളും സ്വീകരിച്ച്, പല കഷ്ടതകളും സഹിച്ച് മാലയിടാൻ മുന്നോട്ടുവരുന്നത് എന്തുകൊണ്ടായിരിക്കും?
(തുടരും)













