കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ബിഎ പരീക്ഷ തോറ്റ വിദ്യാർത്ഥിനി എംഎയ്‌ക്ക് വിജയിച്ചതായി സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തി. സർവകലാശാലയുടെ തുറവൂർ പ്രാദേശിക കേന്ദ്രത്തിലാണ് സംഭവം. ബിഎ പരീക്ഷ പാസാകാത്ത വിദ്യാർത്ഥികൾക്ക് ഏത് മാനദണ്ഡപ്രകാരമാണ് എം എ പ്രവേശനം നൽകുന്നതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഓഡിറ്റ് വിഭാഗം രജിസ്ട്രാർക്ക് കത്ത് നൽകി.
2014-17 അദ്ധ്യയന വർഷത്തിൽ തുറവൂർ പ്രാദേശിക കേന്ദ്രത്തിൽ ബിഎ സംസ്‌കൃത സാഹിത്യം പഠിച്ച നിവേദിത രാജിനാണ് പരീക്ഷയിൽ പരാജയപ്പെട്ടിട്ടും 2017ൽ അതേ ക്യാമ്പസിൽ എംഎ മലയാളത്തിന് പ്രവേശനം നൽകിയത്. ബിഎ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളും പരിശോധിക്കാതെ പരീക്ഷാ വിഭാഗം എംഎ പരീക്ഷ എഴുതാൻ അനുവദിക്കുകയായിരുന്നു. എംഎ സർട്ടിഫിക്കറ്റ് വാങ്ങിയശേഷം ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാൻ വിദ്യാർത്ഥിനി സർവകലാശാലയിൽ എത്തിയപ്പോഴാണ് ബിഎ പാസായില്ലെന്ന വിവരം പുറത്തറിയുന്നത്.
ബിഎഫ്എ പാസാകാതെ എംഎഫ്എ വിജയിച്ച എസ്എഫ്‌ഐ നേതാവ് കലേഷിന്റെ വിഷയവും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. ഇത് മുമ്പ് വിവാദമായിരുന്നു. ഇതിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിട്ടും സർവകലാശാല മറുപടി നൽകിയിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2021ൽ ധർമ്മരാജ് അടാട്ട് വി സി ആയിരുന്നപ്പോൾ ബിഎ പാസാകാത്ത ആറ് വിദ്യാർത്ഥികൾക്ക് നൽകിയ എംഎ പ്രവേശനം, പിന്നീട് താത്കാലിക വിസി ചുമതല വഹിച്ച ഡോ. ജയരാജ് റദ്ദാക്കിയിരുന്നു. നിയമവിരുദ്ധമായി പ്രവേശനം നൽകിയ പ്രൊഫ. ഡോ. ബിച്ചു എക്‌സ്. മലയിലിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് പരീക്ഷാ വിഭാഗത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർ, ഉന്നത വിദ്യാഭ്യാസ മന്ത്രി, വിസി എന്നിവർക്ക് നിവേദനം നൽകി.


















