ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോളിന്റെ നിലവിലെ അവസ്ഥയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ബൈചുങ് ഭൂട്ടിയ ഉള്‍പ്പെടെ 15 മുന്‍ ദേശീയ താരങ്ങള്‍ കേന്ദ്ര കായികമന്ത്രി മന്‍സുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു. ഓള് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ നിലവിലെ നേതൃത്വത്തില്‍ മാറ്റം വരുത്തണമെന്നും കഴിവും പ്രവര്‍ത്തനപരിചയവുമുള്ള വ്യക്തിയെ ഫെഡറേഷന്റെ തലപ്പത്ത് നിയമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച മുന്‍ താരങ്ങള്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ നിലവിലെ അവസ്ഥയെ നിരാശാജനകമെന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയുടെ ഫിഫ റാങ്കിങ് 95ല്‍നിന്ന് 138ലേക്ക് താഴ്ന്നതും ദേശീയ ടീമിന്റെ ഒരുക്കങ്ങളും മത്സരക്രമവും ഫുട്ബോള്‍ വികസനത്തിനുള്ള ദീര്‍ഘകാല പദ്ധതികളും സംബന്ധിച്ച ആശങ്കകളും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ബ്രസീല്‍, ഉറുഗ്വേ തുടങ്ങിയ ടീമുകള്‍ക്കെതിരായ സൗഹൃദ മത്സരങ്ങള്‍ യഥാര്‍ഥ വികസന പദ്ധതിയേക്കാള്‍ പ്രചാരണത്തിന് പ്രാധാന്യം നല്കിയ നടപടികളായിരുന്നുവെന്നും മുന്‍ താരങ്ങള്‍ വിമര്‍ശിച്ചു. ഡിസംബര്‍ 20ന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ താരങ്ങളുടെ ഈ ഇടപെടല്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഭരണരംഗത്ത് വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.













