ന്യൂഡല്‍ഹി: വിദേശ സാറ്റലൈറ്റ് ഇന്റർനെറ്റ് കമ്പനികൾക്ക് ഇന്ത്യയിൽ ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി നടനും രാജ്യസഭാ എംപിയുമായ കമൽഹാസൻ. ഇന്ത്യയുടെ നിയമങ്ങളും നയങ്ങളും തീരുമാനിക്കേണ്ടത് ഇവിടുത്തെ ജനങ്ങളാണെന്നും, വിദേശത്തുള്ള കോടീശ്വരന്മാരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, ആരുടെയും കോളനിയല്ലെന്ന് കമല്‍ഹാസന്‍ തുറന്നടിച്ചു. വിദേശ കമ്പനികളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാൽ തങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഇന്ത്യൻ ജനതയായിരിക്കും. അല്ലാതെ വിദേശ കോടീശ്വരന്മാരല്ലെന്നും വ്യക്തമാക്കി.
തങ്ങളുടെ സാറ്റലൈറ്റ് ഇന്റർനെറ്റ് സർവീസുകൾ തടയാൻ ചില ശതകോടീശ്വരന്മാർ ശ്രമിക്കുന്നുവെന്നും, അംബാനിയാണോ ഇന്ത്യയിലെ യഥാർത്ഥ ബോസ്സ് എന്നും ചോദിച്ച് മസ്ക് രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായി “ഇന്ത്യയിലേക്ക് സ്വാഗതം ഇലോൺ, മറ്റേയാളെക്കൂടി പരിചയപ്പെടുന്നതുവരെ കാത്തിരിക്കൂ” എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പരിഹസിച്ചു.
എന്നാൽ മസ്കിന്റെ ആരോപണങ്ങൾ തള്ളിയ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം, സുരക്ഷാ പരിശോധനകൾ പൂർത്തിയായാൽ മാത്രമേ സ്റ്റാർലിങ്കിന് ലൈസൻസ് നൽകുകയുള്ളൂവെന്നും വിവേചനപരമായ നിലപാടുകൾ ഇല്ലെന്നും വ്യക്തമാക്കി. റിമോട്ട് പ്രദേശങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് എത്തിക്കുന്നതിൽ മത്സരങ്ങൾ സ്വാഗതാർഹമാണെങ്കിലും, ഉയർന്ന വരിസംഖ്യയും ഉപകരണങ്ങളുടെ വിലയും കാരണം സാധാരണക്കാർക്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് അപ്രാപ്യമാകരുതെന്ന് കമൽ ഹാസൻ ചൂണ്ടിക്കാട്ടി.ഡിജിറ്റൽ ഇടനാഴികൾ വിടവുകൾ നികത്താനാണ് ഉപയോഗിക്കേണ്ടത്, പുതിയ വിടവുകൾ സൃഷ്ടിക്കാനല്ല. ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച സാധ്യമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, തരംഗദൈർഘ്യവും ശൃംഖലകളും കേവലം വാണിജ്യ വസ്തുക്കളല്ലെന്നും തന്ത്രപ്രധാനമായ ആസ്തികളാണെന്നും പറഞ്ഞു.
ഇന്ത്യൻ കമ്പനിയായാലും വിദേശ കമ്പനിയായാലും, ഒരു കോടീശ്വരനും ഒരു രാജ്യത്തിന്റെ നയങ്ങൾ തിരുത്താൻ അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിലടക്കം കുറഞ്ഞ ചെലവിൽ മികച്ച ഇന്റർനെറ്റ് എത്തിക്കുന്ന ഏത് കമ്പനിയെയും ഇന്ത്യ സ്വാഗതം ചെയ്യണം. സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്തത്ര ഉയർന്ന തുക ഈടാക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ടെലികോം ശൃംഖല വെറും കച്ചവടമല്ല, അത് രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ്. അതിൽ വിട്ടുവീഴ്ച പാടില്ല. സ്വന്തം സുരക്ഷ നോക്കാൻ എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















