ഇടുക്കി: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, പരമ്പരാഗത കാനന പാതയിലൂടെയും സത്രം വഴിയുമുള്ള തീര്‍ത്ഥാടന പാതയായ സത്രം റോഡ് അതീവ ശോച്യാവസ്ഥയില്‍. റോഡ് പൂര്‍ണ്ണമായി പൊട്ടിപ്പൊളിഞ്ഞ് കുഴികള്‍ രൂപപ്പെട്ടത് കാരണം തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും ഒരുപോലെ ദുരിതത്തിലായിരിക്കുകയാണ്.
സത്രം, പുല്ലുമേട് വഴി ശബരിമലയിലേക്ക് എത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. എന്നാല്‍ വര്‍ഷങ്ങളായി ഈ റോഡിന്റെ അറ്റകുറ്റപ്പണികള്‍ പോലും കൃത്യമായി നടത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറായിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം. റോഡിലെ വലിയ കുഴികളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതും ചെളിക്കുഴികള്‍ രൂപപ്പെട്ടിരിക്കുന്നതും കാല്‍നടയാത്രക്കാരുടെയും വാഹനങ്ങളുടെയും യാത്ര ദുഷ്കരമാക്കുന്നതായി പരാതിയുണ്ട്.
പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് പാതയോട് ചേര്‍ന്നുനില്‍ക്കുന്ന ഈ മേഖലയില്‍ സീസണ് തിരക്ക് തുടങ്ങുന്നതിന് മുമ്പ് അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെയും വിവിധ ഹിന്ദു സംഘടനകളുടെയും ശക്തമായ ആവശ്യം. അടിയന്തരമായി ഇടപെട്ട് ടാറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ തീര്‍ത്ഥാടകര്‍ക്ക് വലിയ ദുരിതങ്ങള്‍ നേരിടേണ്ടി വരുമെന്നും, അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും പ്രദേശവാസികളും വിവിധ ഹൈന്ദവ സംഘടനകളും മുന്നറിയിപ്പ് നല്കുന്നു.
















