മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനെ ലക്ഷ്യമിട്ട് നടന്ന വെടിവെപ്പ് അതീവ ഗൗരവകരമായ സംഭവമാണെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ആക്രമണത്തിന് പിന്നിലുള്ളവർ മഹാരാഷ്‌ട്രയ്‌ക്ക് പുറത്തുനിന്നോ വിദേശത്തുനിന്നോ പ്രവർത്തിക്കുന്നവരാകാമെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജുഹുവിൽ നടനെ ലക്ഷ്യമിട്ട് ആക്രമണശ്രമം നടന്നതിന് പിന്നാലെ തിങ്കളാഴ്ച നാഗ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫഡ്‌നാവിസ്. സംഭവത്തെ ഗൗരവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്യുന്നതെന്നും പ്രതികളെ കണ്ടെത്താൻ നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഏകോപിപ്പിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് ഫഡ്‌നാവിസ് അറിയിച്ചു. മഹാരാഷ്‌ട്രയ്‌ക്കുള്ളിൽനിന്ന് പ്രവർത്തിച്ചിരുന്നവരെ നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇപ്പോഴത്തെ സംഭവത്തിനു പിന്നിലുള്ളവർ സംസ്ഥാനത്തിന് പുറത്തുനിന്നോ രാജ്യത്തിന് പുറത്തുനിന്നോ പ്രവർത്തിക്കുന്നവരാകാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികൾ മറ്റു സംസ്ഥാനങ്ങളിലാണ് ഒളിവിലുള്ളതെങ്കിൽ അവിടത്തെ പോലീസുമായി സഹകരിച്ച് നടപടിയെടുക്കും. വിദേശത്തുനിന്നാണ് പ്രവർത്തിക്കുന്നതെങ്കിൽ കേന്ദ്ര സർക്കാരിന്റെ സഹായം തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒളിഞ്ഞിരുന്ന് ആക്രമണം നടത്തുന്നവരുടെ നീക്കങ്ങൾ പരാജയപ്പെടുത്തുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരമാണ് ജുഹു മേഖലയിൽ ടൈഗർ ഷ്റോഫിനെ ലക്ഷ്യമിട്ട് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നാലെ ബൈക്കിലെത്തിയ മൂന്നുപേർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും ഇവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച കുറിപ്പിലൂടെ ലോറൻസ് ബിഷ്‌ണോയി സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ അവകാശവാദം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിനു പിന്നിലുള്ളവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.
ആക്രമണവുമായി ബന്ധപ്പെട്ട് നടനുമായി ഫോണിൽ സംസാരിച്ചതായും അദ്ദേഹത്തിന് സുരക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചതായും ഫഡ്‌നാവിസ് പറഞ്ഞു. ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്നും കുറ്റവാളികൾ എവിടെയായിരുന്നാലും അവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റവാളികൾ രാജ്യത്തിന്റെ ഏതു ഭാഗത്തോ വിദേശത്തോ ഒളിച്ചിരുന്നാലും അവരെ കണ്ടെത്താൻ മുംബൈ പോലീസിന് കഴിയുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
















