കൊച്ചി എളമക്കരയില് ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയില്വേ ട്രാക്കില് തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് നേരിൽ കണ്ടതിനാൽ.ഇന്നലെ പുലര്ച്ചെയാണ് ഒരു യുവാവ് എളമക്കര ഭാഗത്ത് റെയിൽവേ ട്രാക്കിൽ കിടക്കുന്നുവെന്ന വിവരം പൊലീസും റെയില്വേയും അറിയുന്നത്. തിരുവനന്തപുരം ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്കു പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് വിവരം റെയില്വേയെ അറിയിച്ചത്. ഇതേത്തുടർന്ന് യുവാവ് കിടന്ന ട്രാക്കിലൂടെ വരുകയായിരുന്ന ട്രെയിൻ അധികൃതർ നിർത്തിച്ചു.
തുടര്ന്ന് പൊലീസെത്തി പരിശോധിച്ചപ്പോള് യുവാവ് മരിച്ചെന്ന് സ്ഥിരീകരിക്കപ്പെട്ടു. തൊട്ടടുത്ത് മദ്യക്കുപ്പിയും ഗ്ലാസും കണ്ടതിനാല് മദ്യപിച്ച് വീണപ്പോള് ഹൃദയസ്തംഭനം സംഭവിച്ചതോ ജീവനൊടുക്കിയതോ ആകാമെന്ന് സംശയിച്ചു. എന്നാല് സ്വയം വീണുമരിച്ച രീതിയിലായിരുന്നില്ല മൃതദേഹം കിടന്നിരുന്നത്. അതോടെ സംശയത്തിലായ പൊലീസ് ഇയാളെക്കുറിച്ച് അന്വേഷിച്ചതോടെയാണ് കാര്യങ്ങള് വ്യക്തമായത്.അന്വേഷണത്തിൽ, മരിച്ചയാൾ കുടുംബത്തിനൊപ്പം റെയിൽവേ ട്രാക്കിന് സമീപത്താണ് താമസിച്ചിരുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചു.
എന്നാൽ രാത്രി വീട്ടിലുണ്ടായിരുന്ന ഇയാളുടെ ഭാര്യയെയും മകളെയും രാവിലെ പൊലീസ് വീട്ടിലെത്തിയപ്പോൾ കണ്ടില്ല. തുടർന്ന് ഒഡിഷയിലേക്ക് പോകാൻ സാധ്യതയുള്ളതിനാൽ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. തുടർന്ന് ഇവരുടെ ഒരു ബന്ധുവിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭാര്യയെയും മകളെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് സമ്മതിച്ചു. ഭർത്താവിനെ ഉപേക്ഷിച്ച് തന്നേക്കാള് 10വയസ് പ്രായക്കുറവുള്ള യുവാവിനൊപ്പം രണ്ട് കുഞ്ഞുങ്ങളേയും കൊണ്ട് യുവതി ഇറങ്ങിപ്പോന്നു,
എന്നാല് തന്റെ മകളെ രണ്ടാംഭര്ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് അല്പം വൈകിയാണ് യുവതി അറിഞ്ഞത്. പ്രതി മൂത്ത മകളെ ഉപദ്രവിക്കുന്നത് കണ്മുന്നില് കണ്ടതോടെ നിലതെറ്റിയാണ് താന് ഭര്ത്താവിനെ കൊലപ്പെടുത്തിയതെന്ന് യുവതി മൊഴി നല്കി. മദ്യപിച്ച് അവശനായി കിടന്ന യുവാവിനെ കഴുത്തിലും നെഞ്ചിലും ചവിട്ടിയാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ട്രാക്കിൽ കൊണ്ട് ഇടുകയായിരുന്നുവെന്നും ഇവര് പൊലീസിനു മൊഴി നല്കി.
















