ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ പുതിയ ഉയരങ്ങളിലേക്കെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധരുടെ അവലോകനം. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെല്ലാം തരണം ചെയ്ത് രാജ്യം ചരിത്രത്തിലെ ഏറ്റവും മികച്ച വളർച്ചാ നിരക്കിലേക്ക് കുതിക്കുന്നു. കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ഇക്കണോമിക് പോളിസിയിലെ (KIEP) ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ ടീം തലവനായ ക്യുങ്ഹൂൺ കിം എക്സിലൂടെയാണ് വിലയിരുത്തലുകള് പങ്കുവെച്ചത്.
അദ്ദേഹം എക്സില് പങ്കുവെച്ച നിരീക്ഷണങ്ങള് ഇങ്ങനെ,
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെല്ലാം തരണം ചെയ്ത് രാജ്യം ചരിത്രത്തിലെ ഏറ്റവും മികച്ച വളർച്ചാ നിരക്കിലേക്ക് കുതിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരിയുടെ സമയത്ത് 5.8% തകർച്ച നേരിട്ടതിനു ശേഷം, 2021-ൽ ഇന്ത്യയുടെ സാമ്പത്തിക രംഗം 9.7% വളർച്ചയോടെ ശക്തമായി തിരിച്ചുവരികയും, തുടർന്ന് വന്ന ഓരോ നാല് വർഷങ്ങളിലും 7 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തുകയും ചെയ്തു.ഓരോ പാദത്തിലെയും ജിഡിപി കണക്കുകൾ പുറത്തുവരുമ്പോൾ ഞാനുൾപ്പെടെയുള്ള പല സാമ്പത്തിക വിദഗ്ദ്ധരും ഞങ്ങളുടെ പ്രവചനങ്ങൾ വീണ്ടും വീണ്ടും ഉയർത്തി തിരുത്തിക്കുറിക്കുകയുണ്ടായി.
ഇതോടെ തുടർച്ചയായി അഞ്ച് വർഷം 7 ശതമാനത്തിന് മുകളിലുള്ള വളർച്ച കൈവരിക്കാൻ ഇന്ത്യക്കായി. ‘ബ്രിക്’ സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ 2003-2007 കാലഘട്ടത്തിലെ വളർച്ചാ നിരക്കിന് സമാനമാണിത്. നിലവിലെ പ്രവചനങ്ങൾ ശരിയാവുകയാണെങ്കിൽ, ഇന്ത്യ ആ റെക്കോർഡ് മറികടക്കും.2021–2025 കാലയളവിലെ ശരാശരി വാർഷിക വളർച്ചാ നിരക്ക് 7.83% ആയിരുന്നു.
1960 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ, ഇത് രണ്ടാമത്തെ ഉയർന്ന അഞ്ച് വർഷത്തെ ശരാശരി വളർച്ചാ നിരക്കാണ്. 2003–2007 കാലയളവിൽ രേഖപ്പെടുത്തിയ 7.89% വളർച്ചാ നിരക്ക് മാത്രമാണ് ഇതിന് മുന്നിലുള്ളത്. ഐഎംഎഫ്, എഡിബി, വേൾഡ് ബാങ്ക് എന്നിവയുൾപ്പെടെയുള്ള പ്രമുഖ പ്രവചന ഏജൻസികളെല്ലാം അടുത്തിടെ ഇന്ത്യയുടെ ഈ വർഷത്തെയും അടുത്ത വർഷത്തെയും വളർച്ചാ നിരക്ക് 7 ശതമാനത്തിന് മുകളിലായി ഉയർത്തി നിശ്ചയിച്ചിട്ടുണ്ട്. ഇത് സ്വയം തികച്ചും ശ്രദ്ധേയമായ ഒന്നാണ്.















