മട്ടാഞ്ചേരി: റോഡപകടങ്ങളില് കേരളം ദേശീയ ശരാശരിയേക്കാള് മുന്പില്. സംസ്ഥാന പോലീസിന്റെ ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്തെ അപകടങ്ങളും മരണങ്ങളും ഭയാശങ്കയ്ക്കിടയാക്കുന്നു.
അപകടത്തിനിടയാക്കുന്ന കാരണങ്ങള് ഏറെയാണെങ്കിലും ശിക്ഷിക്കപ്പെട്ടവരുടെ കണക്ക് സര്ക്കാര് വൃത്തങ്ങള് പ്രസിദ്ധീകരിച്ചിട്ടില്ല. കേരളത്തില് അപകടമരണങ്ങളില് പ്രതിദിനം ശരാശരി 137 അപകടങ്ങളും പത്ത് മരണങ്ങളുമെന്നാണ് പോലീസ് കണക്ക്.
ദേശീയ ശരാശരിയില് അപകടം 130, മരണം ഒന്പതുമെന്നാണ് കണക്ക്. സംസ്ഥാനത്തെ റോഡപകടങ്ങളില് 85-90 ശതമാനം മാത്രമേ രജിസ്റ്റര് ചെയ്യുന്നുള്ളുവെന്നാണ് ഗതാഗത മേഖലയിലുള്ളവര് പറയുന്നത്. 2020 ജനുവരി മുതല് 2026 ആഗസ്ത് വരെയായി 2,88,105 അപകടങ്ങളാണ് കേരളത്തില് രജിസ്റ്റര് ചെയ്തത്. അപകടത്തില് 25,224 പേര് മരിച്ചു. 3,27,081 പേര്ക്ക് പരിക്കേറ്റു. 2026 ജനുവരി- ആഗസ്ത് വരെ 36,000 അപകടങ്ങളിലായി 2,702 പേര് മരിച്ചു.
അപകടങ്ങളുടെ പ്രധാന കാരണം അമിതവേഗതയാണ്. വാഹനങ്ങളില് ഇരുചക്രവാഹനങ്ങളാണ് ഒന്നാമത്. സ്വകാര്യ കാറുകളടക്കമുള്ളവ രണ്ടും, ബസുകള് മൂന്നും, ഇതര വാഹനങ്ങള് നാലാമതുമാണ്. അപകടത്തില് മരിക്കുന്നവരില് ഏറെയും കാല്നട യാത്രക്കാരും ഇരുചക്രവാഹനക്കാരുമാണ്. അപകടങ്ങള് നടക്കുന്ന സമയം ഏറെയും പകലാണ്. വാഹന ബാഹുല്യവും റോഡ് വികസനമില്ലാത്തതുമാണ് അപകട കാരണമെന്ന് റോഡ് സുരക്ഷാ വിഭാഗം ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് 2015ലെ 94.2 ലക്ഷം വാഹനങ്ങളില് നിന്ന് 2025ല് ഇത് 1.82 കോടിയായി കുതിച്ചുയര്ന്നു. പത്ത് വര്ഷത്തിനകം ഇരട്ടി വര്ദ്ധന. 2025ലെ കണക്കില് സംസ്ഥാനത്ത് 118 ലക്ഷം ഇരുചക്രവാഹനങ്ങളും, 42.7 ലക്ഷം കാറുകളും, ഒന്പത് ലക്ഷം ഓട്ടോറിക്ഷകളുമുണ്ട്. വാഹനസംഖ്യാ കണക്കില് 23.72 ലക്ഷം എറണാകുളത്തും, 21.89 ലക്ഷം തിരുവനന്തപുരത്തുമാണ്. സംസ്ഥാനത്തെ അപകടങ്ങളും മരണങ്ങളും ഏറുമ്പോഴും പരിഹാരം കാണാതെ അവഗണിക്കുകയാണ് സര്ക്കാര് എന്നാണ് ആരോപണമുയരുന്നത്.














