ന്യൂദല്ഹി: ആര്ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്ദ്ദേശങ്ങള് നടപ്പാക്കിയതു സംബന്ധിച്ച റിപ്പോര്ട്ട് നല്കാത്തതിന് സംസ്ഥാനങ്ങള്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്ശനം.
കേന്ദ്രസര്ക്കാര് ആവശ്യപ്പെട്ട വിവരങ്ങള് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എന്തുകൊണ്ട് നല്കിയില്ലെന്ന് ജസ്റ്റിസുമാരായ ജെ ബി പര്ദിവാല , ആര് മഹാദേവന് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
‘അടുത്ത വാദം കേള്ക്കല് തീയതിയില്, ഏതെങ്കിലും സംസ്ഥാനങ്ങള്/കേന്ദ്രഭരണ പ്രദേശങ്ങള് മറുപടി നല്കിയിട്ടില്ലെന്ന് കേന്ദ്രത്തില് നിന്ന് കേട്ടാല്, ബന്ധപ്പെട്ട സംസ്ഥാന ചീഫ് സെക്രട്ടറിമാര്ക്ക് കോടതിയലക്ഷ്യ നോട്ടീസ് അയയ്ക്കു’മെന്ന് കോടതി മുന്നറിയിപ്പു നല്കി.
ഇന്നലത്തെ വാദം കേള്ക്കലില്, കേന്ദ്ര സര്ക്കാര് എല്ലാ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ഈ വിഷയം ചര്ച്ച ചെയ്തിട്ടുണ്ടെന്നും അവര് ഗൗരവമായി എടുത്തിട്ടുണ്ടെന്നും അഡീഷണല് സോളിസിറ്റര് ജനറല് ഐശ്വര്യ ഭാട്ടി ബോധിപ്പിച്ചു. എന്നാല്, സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ ഇതുവരെ റിപ്പോര്ട്ടു നല്കിയിട്ടില്ലെന്ന് അവര് ചൂണ്ടിക്കാട്ടി.
















