ഹിന്ദുവിശ്വാസപ്രകാരം, ഗതികിട്ടാതെ അലയുന്ന പിതൃക്കളുടെ ആത്മാവിനെ മഹാവിഷ്ണുവിങ്കല് ലയിപ്പിക്കുന്ന ചടങ്ങാണ് തിലഹോമം എന്നറിയപ്പെടുന്നത്. വിധിപ്രകാരമുള്ള മരണാനന്തര കര്മ്മങ്ങള് നടത്താതിരിക്കുമ്പോഴാണ് ആത്മാവിന് മോക്ഷം ലഭിക്കാതിരിക്കുന്ന അവസ്ഥ ഉണ്ടാവുക.
സഞ്ചയനം, സപിണ്ഡി തുടങ്ങിയ അടിയന്തിരങ്ങള് നടത്തുമ്പോള് പറ്റുന്ന പിഴവുകള് പോലും ആത്മാവിന് മോക്ഷം നിഷേധിച്ചേക്കാം. ഇങ്ങനെയുള്ള അവസരങ്ങളില് തിലഹോമം നടത്തുന്നത് ആത്മാവിന് മോക്ഷം നല്കാന് സഹായിക്കും.
തിലഹോമത്തില് പ്രധാന ദ്രവ്യം എള്ളാണ്. എള്ള് ഹോമിക്കുന്നതുകൊണ്ടാണ് തിലഹോമം എന്ന പേര് വന്നത്. ചമത, നെയ്യ്, ഹവിസ്സ്, തിലപായസം എന്നിവയാണ് തിലഹോമത്തില് ഉപയോഗിക്കുന്ന മറ്റ് ഹോമദ്രവ്യങ്ങള്. തിലഹോമത്തില്, കാല്കഴുകിച്ചൂട്ട്, തിലദാനങ്ങള് എന്നിവയ്ക്ക് ശേഷം പിതൃബിംബ ശുദ്ധി വരുത്തുന്നു.
ശുദ്ധി വരുത്തിയ പിതൃബിംബത്തെ സായൂജ്യ പൂജയ്ക്ക് വിധേയമാക്കിയാല് ആത്മാവിന് മോക്ഷം ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം. സായൂജ്യ പൂജ കഴിയുന്നതോടെ ആത്മാവ് മഹാവിഷ്ണുവില് ലയിക്കുന്നു എന്നാണ് വിശ്വാസം. അതേസമയം വളരെ അധികം ധനച്ചിലവ് വരുന്ന ചടങ്ങാണ് തിലഹോമം. അഷ്ടമംഗല പ്രശ്ന വിധി ,അല്ലെങ്കില് താംബൂല പ്രശ്ന വിധി ഉണ്ടെങ്കില് മാത്രം ഇത് നടത്തിയാല് മതിയാകും. ഒരു തറവാട്ടില് പ്രേതവേര്പാട് തിലഹോമം എന്നിവ സാമാന്യ രീതിയില് പന്ത്രണ്ടു കൊല്ലത്തില് ഒരിയ്ക്കല് അല്ലെങ്കില് ഇരുപത്തിനാലു കൊല്ലം കൂടുമ്പോള് ചെയ്താലും മതി.
















