‘ഒരു രാഷ്ട്രീയക്കാരന് അടുത്ത തെരഞ്ഞെടുപ്പിനെക്കുറിച്ച് ചിന്തിക്കുമ്പോള്, ഒരു രാഷ്ട്രതന്ത്രജ്ഞന് അടുത്ത തലമുറയെക്കുറിച്ച് ചിന്തിക്കുന്നു.’
പ്രശസ്ത അമേരിക്കന് എഴുത്തുകാരന് ജയിംസ് ഫ്രീമാന് ക്ലര്ക്കിന്റെ ഈ വാക്കുകള് പെട്ടെന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങളിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും എങ്ങനെ ജയിക്കാം എന്ന് ചിന്തിക്കുന്ന രാഷ്ട്രീയക്കാരനേയും, തന്റെ ദര്ശനങ്ങള് രാഷ്ട്രത്തിന്റെ ഭാവിയേയും വരുംതലമുറകളേയും എങ്ങനെ സ്വാധീനിക്കുമെന്ന് ദീര്ഘവീക്ഷണത്തോടെ ചിന്തിക്കുന്ന രാഷ്ട്രതന്ത്രജ്ഞനേയും കൃത്യമായി അടയാളപ്പെടുത്തുന്നു. വ്യക്തിപരമായ അധികാരമോ ലാഭമോ നോക്കാതെ രാഷ്ട്രത്തിന്റെ ദീര്ഘകാല താല്പര്യം മാത്രം മുന്നിര്ത്തി ചിന്തിക്കുകയും പ്രവര്ത്തിക്കുകയും ചെയ്ത പണ്ഡിതശ്രേഷ്ഠനും ത്യാഗനിര്ഭരമായ ജീവിതത്തിന് ഉടമയുമായ ദത്തോപന്ത് ഠേംഗ്ഡിയെ ‘രാഷ്ട്രതന്ത്രജ്ഞന്’ എന്ന് വിശേഷിപ്പിക്കുന്നത് ആ പദത്തിന്റെ തന്നെ ഗരിമയെ വര്ദ്ധിപ്പിക്കും എന്ന കാര്യത്തില് സംശയമില്ല.
1920 നവംബര് 10-ന് മഹാരാഷ്ട്രയിലെ വാര്ധ ജില്ലയിലെ ആര്വി ഗ്രാമത്തില് വിഖ്യാത അഭിഭാഷകനായിരുന്ന ബാപുറാവു ദാജിബാ ഠേംഗ്ഡിയുടെയും ജാനകിഭായിയുടെയും മകനായി ദത്താത്രേയ ബാപുറാവു ഠേംഗ്ഡി എന്ന ദത്തോപന്ത് ഠേംഗ്ഡി ജനിച്ചു. ആര്വിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം നാഗ്പൂരിലെ പ്രശസ്തമായ മോറിസ് കോളേജില് ചേര്ന്ന് ബിരുദാനന്തര ബിരുദവും നാഗ്പൂര് യൂണിവേഴ്സിറ്റിയില് നിന്ന് എല്എല്ബിയും മികച്ച നിലയില് പാസായി. കോളേജില് പഠിക്കുമ്പോള് തന്നെ സംഘ ശാഖയുമായി ബന്ധം പുലര്ത്തിയിരുന്ന ഠേംഗ്ഡി 1942-ലെ വിജയദശമിക്കു ശേഷം പ്രചാരക ജീവിതത്തിലേക്ക് കടന്നു. 2004 ഒക്ടോബര് 14-ന് ആ പുണ്യാത്മാവ് വിഷ്ണുപദം പൂകുന്നത് വരെ സംഘപ്രചാരകനായി രാഷ്ട്രത്തിന്റെ പരം വൈഭവം ലക്ഷ്യമാക്കി പ്രവര്ത്തിച്ചു.
1942-ലെ ആദ്യ സംഘപ്രചാരകന്മാരുടെ കൂട്ടത്തില് നിന്ന് യുവാവായ ഠേംഗ്ഡിയെ തികച്ചും അപ്രതീക്ഷിതമായാണ് ശ്രീ ഗുരുജി കേരളത്തില് സംഘപ്രവര്ത്തനം ആരംഭിക്കുവാന് നിയോഗിച്ചത്. കോഴിക്കോട് വന്നിറങ്ങിയ ഠേംഗ്ഡി വിപരീത പരിതഃസ്ഥിതികളിലും ചുരുങ്ങിയ കാലം കൊണ്ട് സംഘത്തിന് ശക്തമായ അടിത്തറ പാകി. രണ്ടു വര്ഷക്കാലം കേരളത്തില് ചെലവഴിച്ച ശേഷം 1944 മുതല് 1948 വരെ ബംഗാള് സംസ്ഥാനത്തിന്റെ പ്രചാരകനായി. പിന്നീട് ഭാരതീയ മൂല്യങ്ങളിലും പാരമ്പര്യത്തിലും അധിഷ്ഠിതമായ ഒരു തൊഴിലാളി സംഘടന രൂപീകരിക്കുന്നതിനുള്ള അനുഭവം നേടുന്നതിനായി കോണ്ഗ്രസ് നേതാവ് ദ്വാരകാ പ്രസാദ് മിശ്രയുടെ ക്ഷണം സ്വീകരിച്ച് ഐ.എന്.ടി.യു.സി യില് പ്രവര്ത്തിച്ചു.
1955 ജൂലൈ 23, 24 തീയതികളില് ഭോപ്പാലില് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രേരണയുള്ക്കൊണ്ട് പ്രവര്ത്തിക്കുന്ന 35 സാമൂഹ്യപ്രവര്ത്തകരെ സാക്ഷിയാക്കി അദ്ദേഹം ഭാരതീയ മസ്ദൂര് സംഘത്തിന് ബീജാവാപം നല്കി:
‘ഇന്ന് ഭാരതീയ മസ്ദൂര് സംഘം എന്ന പേരില് ഒരു അഖില ഭാരതീയ തൊഴിലാളി സംഘടന രൂപം കൊണ്ടിരിക്കുന്നു. ദേശഭക്തരായ തൊഴിലാളികളിലൂടെ ഇത് ശക്തി പ്രാപി
ക്കും. ഭാരതത്തിന്റെ വൈഭവത്തെ സമ്പന്നമാക്കിക്കൊണ്ട് ഭാരതീയത ആധാരമാക്കിയ രാഷ്ട്രപുനരുദ്ധാനത്തിന് വേണ്ടിയൊരുക്കിയ ഈ പ്രസ്ഥാനത്തെ നാം ശക്തിപ്പെടുത്തിക്കൊണ്ടേയിരിക്കും. ഈ ദൈവീക നിയോഗത്തിന് ഭാരതത്തിലെ ജനങ്ങളുടെയും സമാന ഹൃദയമുള്ള സമാജത്തിന്റേയും ആശീര്വാദം നമുക്ക് ആവശ്യമുണ്ട്.’
ദേശീയതയില് അധിഷ്ഠിതമായ, രാഷ്ട്രഹിതത്തിനും തൊഴിലാളിഹിതത്തിനും ഒരുപോ
ലെ പ്രാധാന്യം നല്കുന്ന തൊഴിലാളി സംഘടനയായിരിക്കും ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭാരതത്തിലെ കര്ഷകരുടെ ഉന്നമനത്തിനായി ഭാരതീയ കിസാന് സംഘ് (1979), ഹിന്ദു സമൂഹത്തിലെ ജാതി വിവേചനങ്ങള് ഇല്ലാതാക്കുവാനും സാമൂഹിക ഐക്യവും സമന്വയവും വളര്ത്തുവാനുമായി സമാജിക് സമരസതാ മഞ്ച് (1983), വിവിധ മതവിഭാഗങ്ങള്ക്കും വിശ്വാസികള്ക്കും ഇടയില് പരസ്പര ബഹുമാനവും സമഭാവനയും വളര്ത്തിയെടുക്കുവാന് സര്വ്വപന്ത് സമാദര് മഞ്ച് (1991), ഭാരതത്തിന്റെ സാമ്പത്തികവും സാംസ്കാരികവുമായ സ്വാതന്ത്ര്യത്തിനും സ്വാശ്രയത്തിനും വേണ്ടി പ്രവര്ത്തിക്കുവാന് സ്വദേശി ജാഗരണ് മഞ്ച് (1991), പരിസ്ഥിതി സംരക്ഷണ പ്രവര്ത്തനത്തിന് പര്യാവരണ് മഞ്ച് എന്നിങ്ങനെ നിരവധിയായ പ്രമുഖ ദേശീയ പ്രസ്ഥാനങ്ങള്ക്ക് തുടക്കമിട്ടത് ദത്തോപന്ത് ഠേംഗ്ഡിയാണ്.
കൂടാതെ രാജ്യത്തെ ഏറ്റവും വലിയ വിദ്യാര്ഥി സംഘടനയായ എബിവിപി
(1949), സഹകാര് ഭാരതി തുടങ്ങിയ സംഘടനകള് രൂപീകരിക്കുന്നതിലും അദ്ദേഹം അഗ്രഗണ്യനായിരുന്നു.
മുതലാളിത്തം തൊഴിലാളിയെ കേവലം ഉല്പ്പാദനത്തിനുള്ള ഒരു യന്ത്രമായോ അല്ലെങ്കില് വിപണിയിലെ ചരക്കായോ മാത്രം കാണുമ്പോള് കമ്മ്യൂണിസം അവനെ പ്രത്യയശാസ്ത്ര ലക്ഷ്യങ്ങള്ക്കുള്ള ആയുധമായി ഉപയോഗിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. മുതലാളിത്തത്തിനും കമ്മ്യൂണിസത്തിനും ബദലായി തികച്ചും ഭാരതീയമായ ചിന്താഗതികളില് ഊന്നിയ ഒരു സാമ്പത്തിക സാമൂഹ്യശാസ്ത്രം മുന്നോട്ടുവച്ചുകൊണ്ട് എഴുതിയ ‘ഠവല ഠവശൃറ ണമ്യ’ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന കൃതിയാണ്. കൂടാതെ ‘കാര്യകര്ത്താ’, ‘ഡോ. അംബേദ്കര് ഔര് സാമാജിക് ക്രാന്തി കീ യാത്ര’ എന്നിവയുള്പ്പെടെ ഇംഗ്ലീഷിലും ഹിന്ദിയിലും മറാത്തിയിലുമായി 48 പുസ്തകങ്ങള് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലളിതമായ ജീവിതം, ഉയര്ന്ന ചിന്ത, ആഴത്തിലുള്ള പഠനം, പൂര്ണ്ണ സമര്പ്പണം എന്നിവയെല്ലാം അദ്ദേഹത്തില് ഒത്തുചേര്ന്നിരുന്നു. എണ്ണമറ്റ ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും നമ്മുടെ ദേശീയ പുനരുജ്ജീവനം ആരംഭിക്കേണ്ടത് സ്നേഹം, ആത്മനിയന്ത്രണം, ത്യാഗം, സേവനം, സ്വഭാവമഹിമ എന്നിങ്ങനെയുള്ള മൂല്യങ്ങള് ഉള്ളില് വഹിക്കുന്ന മനുഷ്യരെ വാര്ത്തെടുത്തുകൊണ്ടാണെന്നും, ദേശീയതയുടെ ഉജ്ജ്വലമായ യഥാര്ത്ഥ സത്ത കാത്തുസൂക്ഷിക്കുകയാണെങ്കില് ഭാരതത്തിന് വീണ്ടും ‘ലോകഗുരു’ പദവിയിലേക്ക് ഉയരാന് കഴിയുമെന്നുമുള്ള ഗുരുജിയുടെ മാര്ഗ്ഗനിര്ദ്ദേശം അദ്ദേഹം നമ്മെ നിരന്തരം ഓര്മ്മിപ്പിച്ചു.
അദ്ദേഹം തുടക്കം കുറിച്ച പ്രസ്ഥാനങ്ങളും ഉയര്ത്തിക്കൊണ്ടുവന്ന ദര്ശനങ്ങളുമെല്ലാം വലിയ തോതിലുള്ള സ്വാധീനം ചെലുത്തി ഇന്ന് നാം കാണുന്ന ദേശീയ മുന്നേറ്റത്തിന് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
കേവല രാഷ്ട്രീയ ലക്ഷ്യങ്ങള്ക്ക് പുറകെ പോകാതെ രാഷ്ട്രത്തിന്റെ പരമ വൈഭവം ലക്ഷ്യമാക്കി പ്രവര്ത്തിച്ച മഹാനായ ആ രാഷ്ട്രതന്ത്രജ്ഞന്റെ സ്മൃതി ദിനത്തില്, അദ്ദേഹം എന്തിനായി ജീവിച്ചുവോ അതിനായി സ്വയം സമര്പ്പിതരായി പ്രവര്ത്തിക്കുമെന്ന് നമുക്കും പ്രതിജ്ഞ ചെയ്യാം.
















