ന്യൂദൽഹി: മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയുടെ പത്നി ആകി അബെയും പ്രമുഖ ജാപ്പനീസ് സർക്കാരേതര സംഘടനയായ നിപ്പോൺ കൈഗി ചെയർമാൻ തൊമോഹികോ താനിഗുച്ചിയും ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തി.
ന്യൂദൽഹിയിലെ സംഘ കാര്യാലയമായ കേശവ് കുഞ്ജിലായിരുന്നു കൂടിക്കാഴ്ച. ഭാരത-ജപ്പാൻ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള നാഗരിക ബന്ധങ്ങൾ, സാംസ്കാരിക സഹകരണം, ജനകീയ മുന്നേറ്റങ്ങൾ എന്നിവയെക്കുറിച്ചും അവർ ചർച്ച ചെയ്തു. ഈ മേഖലകളിൽ ഇരുവിഭാഗവും യോജിച്ച് പ്രവർത്തിക്കാനുള്ള സാധ്യതകൾ പരിശോധിക്കും.
ഒരു മണിക്കൂറിലധികം തുടർന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാക്കാനുള്ള താൽപ്പര്യം പ്രതിഫലിച്ചു. ‘ഫൗണ്ടേഷൻ ഫോർ സോഷ്യൽ കോൺട്രിബ്യൂഷൻ’ അധ്യക്ഷ കൂടിയായ ആകി അബെയും നിപ്പോൺ കൈഗി പ്രതിനിധി സംഘവും ആർഎസ്എസ് നേതൃത്വവും ഭാരതവും ജപ്പാനും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ധാരണയിലെത്തി.
















