കണ്ണൂര്‍:പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ ഇരിട്ടി സ്വദേശിനി ഫാത്തിമ (47)മരിച്ചു.ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര ചികിത്സാപിഴവാണ് മരണ കാരണമെന്ന് ആരോപിച്ച് കുടുംബം പരിയാരം പൊലീസില്‍ രേഖാമൂലം പരാതി നല്‍കി.
ഹൃദയ വാല്‍വ് മാറ്റിവയ്‌ക്കുന്നതിനുള്ള ശസ്ത്രക്രിയയ്‌ക്കായാണ് ഫാത്തിമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ ഒന്‍പത് മണിക്ക് ഇവരെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും രോഗിയുടെ ആരോഗ്യനിലയെക്കുറിച്ചോ ശസ്ത്രക്രിയയുടെ പുരോഗതിയെക്കുറിച്ചോ യാതൊരു വിവരവും ബന്ധുക്കളെ അറിയിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. രാത്രി വൈകിയാണ് ഫാത്തിമ മരിച്ച വിവരം ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുന്നത്.
ഇതോടെ പ്രകോപിതരായ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടി പ്രതിഷേധിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പരിയാരം പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. ശസ്ത്രക്രിയയ്‌ക്കിടെ രോഗിയുടെ ആരോഗ്യനില അതീവ ഗുരുതരമായ വിവരം സര്‍ജറി നടത്തിയ ഡോക്ടര്‍ ബന്ധുക്കളോട് യഥാസമയം പറഞ്ഞില്ലെന്നും വിവരങ്ങള്‍ കൈമാറുന്നതില്‍ ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചെന്നുമാണ് പ്രാഥമിക നിഗമനം.
സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബത്തിന്റെ പരാതിയില്‍ പൊലീസും കേസ് എടുത്ത് അന്വേഷിക്കുന്നു.
















