ന്യൂദൽഹി: പണനയം പ്രഖ്യാപിച്ച് ആര്‍ബിഐ. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.50 ശതമാനമാക്കി. 2023നുശേഷം ആദ്യമായാണ് റിപ്പോ നിരക്ക് വര്‍ധിപ്പിക്കുന്നത്. പശ്ചിമേഷ്യയിലെ പ്രതിസന്ധിക്കിടയിൽ വർധിച്ചുവരുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് മൂന്ന് വർഷത്തിനിടയിലുള്ള ഈ ആദ്യ റെപ്പോ നിരക്ക് വർധന.ഇതോടെ, ഭവന, വാഹന, വ്യക്തിഗത വായ്‌പകളുടെ പലിശനിരക്ക് കൂടാനാണ് സാധ്യത.
ഇതിനുമുമ്പ് 2023 ഫെബ്രുവരിയിലാണ് റെപ്പോ നിരക്ക് വർധിപ്പിച്ചത്. അന്ന് ആർ.ബി.ഐ നിരക്ക് 0.25 ശതമാനം ഉയർത്തി 6.50 ശതമാനമാക്കിയിരുന്നു. 2025-ൽ നിരക്ക് കുറയ്‌ക്കാനുള്ള നടപടികൾ ആരംഭിക്കുന്നതിന് മുൻപ്, 2023-24 കാലയളവിൽ ഈ നിരക്കിൽ മാറ്റമൊന്നും വരുത്തിയിരുന്നില്ല.
റിപ്പോ നിരക്ക് വായ്‌പയെടുക്കുന്നവരിൽ കാര്യമായ ആഘാതം ഏൽപ്പിക്കും. 30 വർഷത്തെ കാലാവധിയുള്ള 50 ലക്ഷം രൂപയുടെ സാധാരണ ഭവന വായ്‌പയിൽ പലിശനിരക്ക് 25 ബേസിസ് പോയിന്റ് (bps) വർദ്ധിക്കുമ്പോൾ, ഒരു പൊതുമേഖലാ ബാങ്കിൽ പ്രതിമാസ ഇഎംഐ (EMI) 34,109 രൂപയിൽ നിന്ന് 34,961 രൂപയായും (852 രൂപയുടെ വർദ്ധനവ്), സ്വകാര്യ ബാങ്കിൽ 35,821 രൂപയിൽ നിന്ന് 36,688 രൂപയായും (867 രൂപയുടെ വർദ്ധനവ്) ഉയരുന്നു.
വായ്‌പ മുഴുവൻ കാലാവധിയിലേക്കും തുടരുകയാണെങ്കിൽ, 30 വർഷത്തിനിടയിൽ പൊതുമേഖലാ ബാങ്കിൽ ഏകദേശം 3.07 ലക്ഷം രൂപയും സ്വകാര്യ ബാങ്കിൽ 3.12 ലക്ഷം രൂപയും അധിക പലിശയിനത്തിൽ നൽകേണ്ടിവരും.















