മോസ്കോ ; സൈബീരിയയിലെ പ്ലേഗ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷക ദാരിയ ഷിപിലോവ (28) ന്യുമോണിയ ബാധിച്ച് മരിച്ചതിനെ തുടർന്ന് അധികൃതർ ഇരുനൂറോളം പേരെ നിരീക്ഷണത്തിലാക്കി. പ്ലേഗ് ബാധ ഉണ്ടായെന്ന സംശയത്തെ തുടർന്നാണ് നിരീക്ഷണം. പ്ലേഗ് ബാധ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
സെപ്റ്റംബർ 25 നാണ് ദാരിയ ഷിപിലോവ ലാബിൽ ജോലി ചെയ്യുന്നതിനിടെ ജൈവ സാമ്പിളുകൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് പൊട്ടിയത്. സെപ്റ്റംബർ 29 ന് ദാരിയ ഷിപിലോവയുടെ നില ന്യൂമോണിയ ബാധിച്ച് വഷളാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ദാരിയ ഒക്ടോബർ 1 ന് രാത്രി മരിച്ചു. ഇതിനെത്തുടർന്ന് ഉദ്യോഗസ്ഥർ അടിയന്തര യോഗം ചേർന്നു.നിലവിൽ ഗവേഷകയ്‌ക്ക് ബാധിച്ച വൈറസ് ഏതാണെന്ന് കണ്ടെത്തിയിട്ടില്ല.
ലാബിന് സമീപമുള്ള ഒരു അലുമിനിയം ഫാക്ടറി ജീവനക്കാരോട് മുൻകരുതൽ എന്ന നിലയിൽ മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വിവിധ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് ഫാക്ടറി അധികൃതർ പറയുന്നു.
പ്ലേഗ് ആകാനുള്ള സാധ്യത നിലവിൽ കുറവാണെന്ന് മുൻ റഷ്യൻ ആരോഗ്യ ഉദ്യോഗസ്ഥൻ ജെന്നഡി ഒനിഷ്ചെങ്കോ പറഞ്ഞു. പ്ലേഗ് സ്ഥിരീകരിച്ചാലും വ്യാപകമായ പകർച്ചവ്യാധി ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















