വാഹനാപകടത്തിൽ അന്തരിച്ച നടൻ കൊല്ലം സുധിയുടെ കുടുംബത്തിന് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (എം.എ.സി.ടി) നഷ്ടപരിഹാരം വിധിച്ചതിന് പിന്നാലെ ഉയർന്ന വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി ഭാര്യ രേണു സുധി. സുധിയുമായുള്ള വിവാഹം നിയമപരമല്ലെന്നും അതിനാൽ നഷ്ടപരിഹാര തുക രേണുവിന് ലഭിക്കില്ലെന്നുമുള്ള തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് രേണു വ്യക്തമാക്കി.
താനും സുധിയും തമ്മിലുള്ള വിവാഹം നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്ന് രേണു ചൂണ്ടിക്കാട്ടി. ചങ്ങനാശ്ശേരി താലൂക്കിലെ തെങ്ങണ സബ് രജിസ്ട്രാർ ഓഫീസിൽ 2017 മേയ് ഏഴിനാണ് വിവാഹം രജിസ്റ്റർ ചെയ്തത്. കൃത്യമായ നിയമപരമായ രേഖകളോടെയാണ് കോടതിയെ സമീപിച്ചതെന്നും, കള്ളസർട്ടിഫിക്കറ്റ് ഉണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ആർക്കും കഴിയില്ലെന്നും അവർ പറഞ്ഞു. വിവാഹം വ്യാജമാണെന്ന് ആരോപിക്കുന്നവർ വ്യാജമനസ്സുള്ളവരാണെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രേണു പ്രതികരിച്ചു.
അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലാണ് രേണു. ഈ ഘട്ടത്തിൽ ലഭിക്കുന്ന നഷ്ടപരിഹാര തുക തനിക്ക് വലിയ ആശ്വാസമാണെന്നും സുധിച്ചേട്ടന്റെ ഒരു കരുതലായി ഇതിനെ കാണുന്നുവെന്നും രേണു പറഞ്ഞു. കീമോതെറാപ്പി പൂർത്തിയായെന്നും ശസ്ത്രക്രിയയ്‌ക്കു ശേഷമുള്ള പാത്തോളജി റിപ്പോർട്ട് അനുസരിച്ചായിരിക്കും തുടർന്നുള്ള ചികിത്സയെന്നും അവർ വ്യക്തമാക്കി.
കോട്ടയം എം.എ.സി.ടി ട്രൈബ്യൂണൽ 1,41,09,840 രൂപയാണ് നഷ്ടപരിഹാരമായി വിധിച്ചത്. കേസ് ഫയൽ ചെയ്ത ദിവസം മുതൽ തുക കെട്ടിവയ്‌ക്കുന്ന നാൾ വരെയുള്ള 8.5 ശതമാനം പലിശയും ഉൾപ്പെടെ ആകെ തുക 1.77 കോടി രൂപയോളമായി ഉയരും. സുധിയുടെ അമ്മയ്‌ക്കും രേണുവിനും രണ്ട് മക്കൾക്കുമായാണ് ഈ നഷ്ടപരിഹാരത്തുക ലഭിക്കുക
















