തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ നീന്തല്‍ മത്സരങ്ങളുടെ വേദി തകര്‍ന്നുണ്ടായ അപകടത്തില്‍ കേസെടുക്കാതെ പൊലീസ്. പരാതിക്കാര്‍ ഇല്ലെന്നാണ് ന്യായം. ഗുരുതര സ്വഭാവമുള്ള അപകടം അല്ലാത്തതിനാല്‍ സ്വമേധയാ കേസെടുക്കേണ്ടതില്ലെന്നാണ് വിലയിരുത്തല്‍.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം താല്‍ക്കാലിക റൂഫിംഗ് തകര്‍ന്നതിനെപ്പറ്റി മാത്രമാണ്. സംഘാടന വീഴ്ചക്കെതിരെ അന്വേഷണം ഇല്ല.അതേസമയം, ഗെയിംസ് നടത്തിയത് സംഘാടക സമിതി യോഗം ചേരാതെയാണെന്നാണ് വിവരം.തൃശൂര്‍ എംഎല്‍എ ചെയര്‍മാനായ സംഘാടകസമിതി യോഗം ഒരുതവണ പോലും നടന്നില്ല. എന്നാല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക തിരക്കിലായിരുന്നെന്നാണ് ന്യായീകരണം.
സംഘാടക സമിതി ചെയര്‍മാനായ എംഎല്‍എ രാജന്‍ ജെ പല്ലനും സമിതി അംഗമായ മേയര്‍ക്കും ലഭിച്ചത് ഗെയിംസിന്റെ ക്ഷണക്കത്ത് മാത്രമാണ്. കാര്യങ്ങള്‍ വൈകി അറിയിച്ചതില്‍ തൃശൂര്‍ എംപിയുടെ ഓഫീസും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അധ്യാപക സംഘടന പ്രതിനിധികളെ വിളിച്ചുവരുത്തി കമ്മിറ്റികള്‍ രൂപീകരിക്കുക മാത്രമാണ് ചെയ്തത്.
















