കൊച്ചി: ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ ഒരു കാലത്ത് നായികയായിരുന്ന സംവൃത സുനില്‍ വീണ്ടും നായികാവേഷത്തില്‍ അഭിനയിക്കാനെത്തുകയാണ്. സംവിധായകന്‍ ഷഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന ഈ സിനിമ ഇടുക്കിയിലെ മലയോര കര്‍ഷകരുടെ കഥ പറയുന്ന സിനിമയാണ്.
തങ്കം’ എന്ന ചിത്രത്തിന് ശേഷം ഷഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. ബിജു മേനോനും വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ എത്തിയ ‘തങ്കം’ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
തനതായ അഭിനയശൈലികൊണ്ട് ചുരുക്കം ചില സിനിമകളാല്‍ തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ സംവൃതക്ക് കഴിഞ്ഞിട്ടുണ്ട്. സംവിധായകന്‍ ലാല്‍ ജോസാണ് ‘രസികന്‍’ എന്ന സിനിമയിലൂടെ സംവൃതയെ മലയാള സിനിമയില്‍ ആദ്യമായ് പരിചയപ്പെടുത്തിയത്. പത്ത് വര്‍ഷത്തോളം നീണ്ടു നിന്ന സിനിമ ജീവിതത്തില്‍ നാല്‍പ്പതിലധികം സിനിമകളുടെ ഭാഗമാവാന്‍ സംവൃതക്ക് കഴിഞ്ഞു. അറബിക്കഥ , ചന്ദ്രോത്സവം, അയാളും ഞാനും തമ്മില്‍, വാസ്തവം തുടങ്ങിയ ചിത്രങ്ങളിലെ സംവൃതയുടെ പെര്‍ഫോമന്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പുതിയ സിനിമയുടെ സെറ്റില്‍ താന്‍ ഏറെ സംതൃപ്തി അനുഭവിക്കുന്നുവെന്ന് സംവൃത സുനില്‍ പറയുന്നു. . ‘നമ്മളിഷ്ടപ്പെട്ട് ഒരു ജോലിയോ കാര്യമോ ചെയ്തിട്ട് അതുകൊണ്ടുള്ള ഹാപ്പിനെസ്സ് അല്ലെങ്കില്‍ സാറ്റിസ്ഫിക്കേഷന്‍ വീണ്ടും എക്‌സ്പീരിയന്‍സ് ചെയ്തപ്പോഴാണ് ഞാനത് മിസ് ചെയ്തിരുന്നുവെന്ന് മനസ്സിലാക്കിയത് ‘ സംവൃത ഈയിടെ ഒരു യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വൻ വിജയം നേടിയ ‘പ്രകമ്പനം’ എന്ന ചിത്രത്തിന് ശേഷം നവരസ ഫിലിംസും സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസും സംയുക്തമായി നിർമിക്കുന്നതാണ് സംവൃതാ സുനില്‍ നായികയായ പുതിയ സിനിമ. സിനിമയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. നിരവധി പ്രത്യേകതകൾ നിറഞ്ഞതായിരിക്കും ഈ സിനിമ എന്ന് മാത്രമാണ് പുറത്തുവരുന്ന വിവരം.
ഇടുക്കി ജില്ലയിലെ പന്ന്യാർകുട്ടിയിൽ സെപ്റ്റംബർ 7, തിങ്കളാഴ്ച ലളിതമായ പൂജാ ചടങ്ങോടെയാണ് തുടക്കം കുറിച്ചത്. സംവിധായകൻ ഷഹീദ് അറഫാത്ത്, നിർമ്മാതാക്കളായ ശ്രീജിത്ത് കെ.എസ്., കാർത്തികേയൻ എസ്. എന്നിവർക്കൊപ്പം ദിലീഷ് പോത്തൻ, അൽഫോൻസ് പുത്രൻ എന്നിവര്‍ ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഒരു കാലത്ത് സിനിമയില്‍ തിരക്കായതിനാല്‍ സ്വകാര്യ ജീവിതം ആസ്വദിക്കാന്‍ സമയം കിട്ടിയിരുന്നില്ലെന്നും അതുകൊണ്ടാണ് കല്യാണം വന്നപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ സിനിമ നിര്‍ത്തി വിവാഹജീവിതത്തിലേക്ക് കടന്നത്. പക്ഷെ ആ തീരുമാനത്തില്‍ തനിക്ക് കുറ്റബോധം ഇല്ലെന്നും സംവൃത പറയുന്നു. ‘കരിയറും പേഴ്സണല്‍ ലൈഫും ഒരുമിച്ച് വേണമെന്ന് പറയുമ്പോള്‍ അത് പറ്റുന്ന കാര്യമാണെങ്കിലും വലിയ ബുദ്ധിമുട്ടുമാണെന്നും എന്നാല്‍ അതിനാണിപ്പോള്‍ ശ്രമിക്കുന്നതെന്നും സംവൃത സുനില്‍ പറയുന്നു.
















