മലപ്പുറം: മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ. മലപ്പുറത്തിന്റെ രാഷ്‌ട്രീയം എല്ലാം നിറങ്ങളും ചേർന്നതാണെന്നും 2006ൽ ചെങ്കൊടി പാറിയ മണ്ണാണ് മലപ്പുറം എന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. സിപിഎം മുൻ എംഎൽഎ പി നന്ദകുമാറിന്റെ പരാമർശത്തിന് പിന്നാലെയാണ് പ്രതികരണം.
മലപ്പുറത്തിനെതിരെയുള്ള വിദ്വേഷ പരാമർശത്തിൽ പ്രതികരണവുമായി പൊന്നാനി എംഎൽഎ കെപി നൗഷാദലിയും രംഗത്തെത്തി. കേരള സ്റ്റോറി പോലെ മലപ്പുറം സ്റ്റോറിയുണ്ടാക്കാൻ സിപിഎം ത്രഡും, സ്പാർക്കും സംഭാവന ചെയ്യുന്നു. വിദ്വേഷ പരാമർശം സിപിഎമ്മിന്റെ വീഴ്ചയല്ല, ഉള്ളിലിരിപ്പിന്റെ ബഹിർപുരണമാണെന്നും നൗഷാദലി പറഞ്ഞു.
. മതമൗലിക-വർഗീയ വാദികളുടെ കൂടാണ് മലപ്പുറം ജില്ല എന്നായിരുന്നു സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പി. നന്ദകുമാറിന്റെ പരാമർശം. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ ഉണ്ടായിരുന്ന വേദിയിലാണ് ഇത്തരം ഒരു വിവാദ പരാമർശം നന്ദകുമാർ നടത്തിയത്.
“മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളുമുണ്ട്. മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല. സ്വാഭാവികമായും അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ട് പോകുന്ന കമ്യൂണിസ്റ്റ് പാർട്ടി, പുതിയ കാലത്ത് അതിന്റെ രാഷ്‌ട്രീയ കടമകൾ എങ്ങനെ ഏറ്റെടുക്കണമെന്ന് പരിശോധിക്കേണ്ടതുണ്ട്. അതിനായിട്ടാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ചേരുന്നത്.” എന്നാണ് പി. നന്ദകുമാർ സ്വാഗത പ്രസംഗത്തിൽ പറഞ്ഞത്.
















