തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ നൈറ്റ് മാർച്ചിനിടെ തലസ്ഥാനത്ത് വൻ സംഘർഷം. യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കണ്ടാലറിയാവുന്ന ഇരുനൂറിലധികം പേർക്കെതിരെ മ്യൂസിയം പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. സംഘർഷത്തിലും പോലീസ് നടപടിയിലും പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാൻ എസ്എഫ്ഐ ആഹ്വാനം ചെയ്തു.
ഇന്നലെ രാത്രി എട്ടു മണിയോടെ പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെത്തിയ യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിക്കുകയും ടയറുകൾ കത്തിച്ച് റോഡിലിട്ട് പ്രതിഷേധിക്കുകയും ചെയ്തു. ഇതിനിടെ യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളിൽനിന്ന് തങ്ങൾക്ക് നേരെ ബിയർ കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞതായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. തുടർന്ന് പ്രകോപിതരായ ഇവർ കത്തിക്കൊണ്ടിരുന്ന കോലവും വടികളും ഹോസ്റ്റൽ വളപ്പിലേക്ക് വലിച്ചെറിഞ്ഞു. ഇതോടെ ഹോസ്റ്റൽ വളപ്പിലെ മരങ്ങളിലേക്കും മറ്റും തീപടർന്നു. ഉടൻതന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.
സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് ഹോസ്റ്റലിനുള്ളിൽ പ്രവേശിച്ച് ലാത്തിച്ചാർജ് നടത്തി. ആറു തവണ ഗ്രനേഡ് പ്രയോഗിച്ചാണ് രംഗം ശാന്തമാക്കിയത്. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പിൻമാറി. എന്നാൽ അൽപസമയത്തിനുശേഷം എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിച്ചെത്തി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയതോടെ വീണ്ടും വലിയ സംഘർഷമുണ്ടായി.
















