ടെൽ അവീവ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറക്കുകയായിരുന്ന ഫ്ലൈദുബായ് വിമാനം, വിമാനം റാഞ്ചാൻ സാധ്യതയുണ്ടെന്ന സൂചന നൽകുന്ന അടിയന്തര കോഡുകൾ അയച്ചത് സുരക്ഷാ ആശങ്ക സൃഷ്ടിച്ചു. FZ1073 എന്ന ഫ്ലൈറ്റ് നമ്പറിൽ സർവീസ് നടത്തിയിരുന്ന ബോയിംഗ് 737 മാക്സ് 8 വിമാനമാണ് റാഞ്ചൽ സന്ദേശം അയച്ചത്. വിമാനത്തിൽ ഏകദേശം 180 യാത്രക്കാരുണ്ടായിരുന്നു.
അടിയന്തര സാഹചര്യം പ്രഖ്യാപിച്ചതിനെത്തുടർന്ന് സൗദി അറേബ്യയ്‌ക്ക് മുകളിൽ വെച്ച് വിമാനം തിരികെ പറക്കുകയായിരുന്നു. വിമാനത്തിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാൻ അധികൃതർ ശ്രമിക്കുന്നതിനിടെ, ഇസ്രായേൽ രണ്ട് യുദ്ധവിമാനങ്ങളെ സജ്ജമാക്കി അയച്ചു. ഒടുവിൽ സൗദി അറേബ്യയിലെ തബുക്ക് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറങ്ങി. യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ.
വിമാനം ആദ്യം ‘സ്ക്വാക്ക് കോഡ് 7700’ ആണ് അയച്ചത്. പൊതുവായ അടിയന്തര സാഹചര്യങ്ങൾ നേരിടുന്ന സന്ദർഭങ്ങളിൽ വിമാനങ്ങൾ ഉപയോഗിക്കുന്ന, അന്താരാഷ്‌ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ട്രാൻസ്‌പോണ്ടർ കോഡാണിത്. നിമിഷങ്ങൾക്കുള്ളിൽ വിമാനം ‘സ്ക്വാക്ക് കോഡ് 7500’ അയച്ചു. വിമാന റാഞ്ചൽ ഉൾപ്പെടെയുള്ള നിയമവിരുദ്ധമായ ഇടപെടലുകൾ സംശയിക്കപ്പെടുന്ന സാഹചര്യങ്ങളിലാണ് ഈ കോഡ് ഉപയോഗിക്കുന്നത്.
ഇതൊരു വിമാന റാഞ്ചൽ അല്ലെന്ന് ഇസ്രായേൽ അധികൃതർ വ്യക്തമാക്കിയതോടെ സുരക്ഷാ ആശങ്കകൾക്ക് അയവു വന്നു. വിമാനത്തിലെ രണ്ട് പൈലറ്റുമാർ തമ്മിലുണ്ടായ തർക്കമാണ് ഈ അടിയന്തര സാഹചര്യത്തിന് കാരണമായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനത്തിന്റെ പൈലറ്റ് റഷ്യക്കാരനും സഹപൈലറ്റ് ഉക്രേനിയക്കാരനുമാണെന്ന് വിവിധ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. 2022 മുതൽ റഷ്യയും ഉക്രെയ്നും തമ്മിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഈ വിവരം പ്രത്യേക ശ്രദ്ധ നേടിയിരിക്കുകയാണ്.











