തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലൂടെ സർവീസ് നടത്തുന്ന പ്രധാന ട്രെയിനുകളില്‍ റെയില്‍വേ സ്ഥിരമായി അധിക കോച്ചുകള്‍ അനുവദിച്ചു. മാവേലി, മലബാർ എക്സ്പ്രസുകളിലാണ് പ്രധാനമായും സ്ലീപ്പർ കോച്ചുകള്‍ വർദ്ധിപ്പിച്ചത്. ഇതുവഴി കൂടുതല്‍ യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കാനും യാത്രാ ദുരിതത്തിന് പരിഹാരം കാണാനും സാധിക്കും.
മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം മാവേലി എക്സ്പ്രസില്‍ സെപ്റ്റംബർ 30 മുതലും, തിരുവനന്തപുരം-മംഗളൂരു സർവീസില്‍ ഒക്ടോബർ ഒന്നാം തീയതി മുതലും ഓരോ സ്ലീപ്പർ കോച്ച് വീതം അധികമായി ഉണ്ടാകും. ഇതുകൂടാതെ മലബാർ എക്സ്പ്രസിലും ഓരോ സ്ലീപ്പർ കോച്ചുകള്‍ അധികമായി അനുവദിച്ചിട്ടുണ്ട്. ഇതോടെ മാവേലി, മലബാർ എക്സ്പ്രസുകളിലെ ആകെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം പത്തായി ഉയർന്നു.
ഇതിനുപുറമെ താംബരം-കന്യാകുമാരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ചെന്നൈ സെൻട്രല്‍-തിരുവനന്തപുരം സർവീസുകള്‍ എന്നിവയിലും എസി, സ്ലീപ്പർ, ജനറല്‍ വിഭാഗങ്ങളിലായി പുതിയ കോച്ചുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ ആദ്യവാരം മുതല്‍ ഈ ട്രെയിനുകളും പുതുക്കിയ കോച്ചുകളോടെ സർവീസ് ആരംഭിക്കും. യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള റെയില്‍വേയുടെ ഈ നടപടി വലിയ ആശ്വാസമാണ് നല്‍കുന്നത്.
















