എം.എ. സാറിന്റെ ജീവിതം തന്നെ ഒരു സന്ദേശമാണ്. എം.എ. സാര്‍ ഒരു അനുഭവമാണ്. അദ്ദേഹം ഒരു മുറിയില്‍ ഇരുന്ന് ചിന്തിക്കുന്നത് ഈ ലോകത്തിലെ നാനാതരം വിഷയങ്ങളെ കുറിച്ചായിരുന്നു. സമസ്ത മേഖലകളെക്കുറിച്ചും വിദഗ്ധമായും പണ്ഡിതോചിതമായും വിലയിരുത്തി ജനോപകാരപ്രദമായ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുക എന്നത് ജീവിത ദൗത്യമായി എംഎ സാര്‍ ഏറ്റെടുത്തു.
ബാലഗോകുലം, തപസ്യ എന്നീ പ്രസ്ഥാനങ്ങളുമായി ഇടപെടുമ്പോഴും അദ്ദേഹം തന്റെ കര്‍മപഥത്തില്‍ ദൃഢചിത്തനായി നിലകൊണ്ടു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള മനുഷ്യരെയും അവരുടെ ജീവിതങ്ങളെയും അടുത്തറിഞ്ഞ അദ്ദേഹം, അവരോട് ജനകീയമായ ശൈലിയില്‍ സംവദിച്ചു. യഥാര്‍ത്ഥത്തില്‍ ഒരു നവോത്ഥാന നായകനാണ് എംഎ സാര്‍.
വൈദേശികമായ ആശയങ്ങള്‍ ജനമനസ്സിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് കാണുമ്പോള്‍ എംഎ സാര്‍ ആഗ്രഹിച്ചത് അതില്‍ നിന്നൊരു വിമോചനമാണ്. അത് സാധ്യമാവണമെങ്കില്‍ ആഴങ്ങളിലേക്ക് കടക്കണം. വേദികള്‍ തേടി പോകണം. അത് ഇവിടുത്തെ സമൂഹത്തിന് മനസ്സിലാകുന്ന ഭാഷയില്‍ സംവദിക്കണം. സമൂഹത്തെ ഉത്തേജിപ്പിക്കുകയും ആവേശഭരിതമാക്കുകയും വേണം. ആഴങ്ങളിലേക്ക് കടക്കുകയും അവിടെയുള്ള മുത്തുകള്‍ ജനങ്ങളിലേക്ക് വിതരണം ചെയ്യുകയും വേണം. ഇതെങ്ങനെ സാധ്യമാകും എന്നതായിരുന്നു എംഎ സാറിനെ വേട്ടയാടിക്കൊണ്ടിരുന്നത്.
അദ്ദേഹത്തെപ്പോലൊരാള്‍ ഈ നാടിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം എന്ത് എന്ന് ഉന്നയിക്കുമ്പോള്‍ തന്നെ അതിനുള്ള ഉത്തരങ്ങളും കണ്ടെത്തി. അദ്ദേഹം എപ്പോഴും പരിഹാരത്തിന്റെ ഭാഗമായിട്ടാണ് സംസാരിക്കുക. ഒരു മുറിയില്‍ ഇരുന്നുകൊണ്ട് ഈ ലോകത്തെ നോക്കിക്കാണാന്‍ അദ്ദേഹത്തിന് കഴിയും എന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും ഞാന്‍ എംഎ സാറിന്റെ മുറിയില്‍ പോയിരുന്ന് സംസാരിക്കാറുണ്ടായിരുന്നു. എന്റേത് വ്യത്യസ്തമായ കര്‍മ്മ മണ്ഡലമായിരുന്നു. പക്ഷേ എന്നോട് സംസാരിക്കുന്നത് മുഴുവന്‍ എന്റെ കര്‍മ്മ മണ്ഡലത്തെക്കുറിച്ചാണ്. ആനുകാലിക പ്രശ്‌നങ്ങളെക്കുറിച്ച് മാത്രമല്ല, പരിഹാരങ്ങളെക്കുറിച്ചും സംസാരിക്കും. ആ പരിഹാരം അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍നിന്ന് ഉദിച്ചുവന്ന ചിന്താശകലങ്ങളായിരുന്നു.
തപസ്യ, ബാലഗോകുലം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലെ കര്‍മ്മകുശലത എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ്. മികച്ചൊരു സംയോജകനാണ് എംഎ സാര്‍. അതുകൊണ്ടാണ് നിരവധി സാംസ്‌കാരിക നായകന്മാരെ കാണാനും ആ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനത്തിലേക്ക് അവരെ കൊണ്ടുവരാനും സാധിച്ചത്. നമ്മുടെ ദേശീയതയില്‍ ഊറ്റം കൊള്ളിച്ച് പ്രവര്‍ത്തനത്തിന്റെ മുഖ്യധാരയിലേക്ക് സാഹിത്യകാരന്മാരെ കൊണ്ടുവന്നു. അതെല്ലാം ഒരു സംയോജകന്റെ മികവാണ്. ശിഥിലമായി കിടക്കുന്നവരെയെല്ലാം അദ്ദേഹം സംയോജിപ്പിച്ചു.
എംഎ സാര്‍ ഒരു സാധകന്‍ കൂടിയാണ്. വിശാലമായ ഒരു ധ്യേയ സങ്കല്‍പത്തെ ഹൃദയാന്തരത്തില്‍ ജ്വലിപ്പിച്ചുകൊണ്ട് ശക്തമായ ഒരു സൈദ്ധാന്തിക അടിത്തറയില്‍ നിന്നുകൊണ്ട് എല്ലാത്തിനേയും നോക്കിക്കാണാനും നിരന്തരമായ പ്രവര്‍ത്തനം കാഴ്ചവയ്‌ക്കാനും സാധിക്കുക എന്നത് ഒരു സാധനയാണ്. തന്മയത്വത്തോടെയാണ് അദ്ദേഹത്തിന്റെ സംസാരം. മറ്റുള്ളവര്‍ക്ക് പറയാനുള്ളതെല്ലാം കേള്‍ക്കും. പിന്നീട് തനിക്ക് പറയാനുള്ളത് അവര്‍ അറിയാതെ അവരുടെ ഹൃദയത്തിലേക്ക് ഇട്ടുകൊടുക്കുന്ന അതിനൈപുണ്യം എംഎ സാറിന്റെ സ്വന്തമാണ്.
എല്ലാ രംഗത്തും അദ്ദേഹത്തിന് സുഹൃത്ബന്ധം ഉണ്ട്. പത്രാധിപര്‍, എഴുത്തുകാരന്‍, സംഘപ്രചാരകന്‍ എന്നീ നിലകളില്‍ എല്ലാ മണ്ഡലങ്ങളേയും സ്പര്‍ശിച്ചുകൊണ്ട് തന്റെ പ്രവര്‍ത്തന രംഗം വിപുലമാക്കി. അവിടെയെല്ലാം മാറ്റമുണ്ടാക്കി. അതായിരുന്നു അദ്ദേഹം കാഴ്ചവച്ച നവോത്ഥാനം. സമഗ്ര സാമൂഹിക പരിവര്‍ത്തനത്തിന്റെ പതാകാവാഹകനായി, ചാലകശക്തിയായി കേരളത്തിലൂടനീളം അദ്ദേഹം പ്രവര്‍ത്തിച്ചു. നമുക്കെല്ലാം പ്രേരണയും പ്രചോദനവും നല്‍കുന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന ചരിത്രം തന്നെയാണ്.
















