സ്വതവേ അസുഖക്കാരനായ ഞാന്‍ ദീര്‍ഘകാലത്തെ ചികിത്സയ്‌ക്കുശേഷം വീട്ടില്‍വന്ന് കുറച്ചു ദിവസത്തെ വിശ്രമത്തിനുശേഷം എറണാകുളത്ത് പ്രിയ അനന്തേട്ടന്റെ ആഫീസിനോടു േചര്‍ന്നുള്ള പ്രാന്തകാര്യാലയത്തില്‍ താമസിക്കുന്ന 1964 കാലം. അപ്രതീക്ഷിതമായി കേസരി മാനേജര്‍ എം. രാഘവേട്ടന്‍ കാര്യാലയത്തില്‍നിന്ന് ഗൗരവമായി മാനനീയ ഭാസ്‌കര്‍റാവുജിയോട് ചിലതു സംസാരിച്ചു. കേസരിയ്‌ക്ക് പത്രാധിപരായി ഒരാളെ വേണമെന്നായിരുന്നു രാഘവേട്ടന്റെ ആവശ്യം ഭാസ്‌കര്‍റാവുജി എന്നെ വിളിച്ചു സംസാരിച്ചു: ”എം.എ.സാറിന്റെ അസുഖത്തിനു കുറവുണ്ടല്ലോ. ഒന്നു കോഴിക്കോടിനു പോകരുതോ? കേസരിയുടെ എഡിറ്ററായി ആരുമില്ലെന്നും ആരുമില്ലെങ്കില്‍ അടുത്താഴ്ച കേസരി ഇറങ്ങില്ല എന്ന് വാണിങ്ങുമായാണ് രാഘവേട്ടന്‍ വന്നത്. അതുകൊണ്ട് എം.എ. സാര്‍ കോഴിക്കോട്ടുപോയി ചുമതലയേറ്റെടുക്കണം”- ഞാന്‍ ഭയന്നു.
”ഞാന്‍ പത്രത്തില്‍ എഴുതാന്‍ പഠിച്ചിട്ടില്ല. കോഴിക്കോട്ട് പോയിട്ടുമില്ല.”ഞാന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ”അതൊന്നും സാരമില്ല. എം.എ. സാര്‍ നാളെ മലബാര്‍ എക്‌സ്പ്രസ്സിന് കോഴിക്കോട് പോകണം. രാഘവന്‍ സ്‌റ്റേഷനില്‍ വരും. ബാക്കിയെല്ലാം നിങ്ങള്‍ ചെയ്താല്‍ മതി. വേണ്ട മരുന്നും മറ്റും എടുക്കണം.” സ്‌നേഹപ്രകൃതിയായ ഭാസ്‌കര്‍റാവുജി പറയുന്നതിനെതിരൊന്നും പറയാന്‍ എനിക്കറിയില്ല. മാനസികമായി ഞാന്‍ തയ്യാറായി. ആദ്യമായി മലബാര്‍ കാണാന്‍ ഞാന്‍ വെളുപ്പിന് അഞ്ചുമണിക്ക് എത്തുന്ന മലബാര്‍ എക്‌സ്പ്രസ്സില്‍ കോഴിക്കോട്ടേക്ക് യാത്ര പുറപ്പെട്ടു. വെളുപ്പിനുണര്‍ന്ന് വണ്ടി എവിടെയെത്തിയെന്ന് സഹയാത്രികരോടന്വേഷിച്ചപ്പോള്‍ കല്ലായിയിലെത്തിയെന്നറിഞ്ഞു. അടുത്ത സ്‌റ്റേഷന്‍ കോഴിക്കോടാണ്. ഞാന്‍ ഇറങ്ങാന്‍ തയ്യാറായി പുറത്തേക്കു നോക്കി ഇരിപ്പായി. കോഴിക്കോട്ടെത്തിയപ്പോള്‍ രാഘവേട്ടന്‍ എന്നെ തിരയുകയാണ്. ഞാന്‍ വണ്ടിയിറിങ്ങി, എന്റെ ബെഡ്ഡിംഗ് എടുത്ത് പുറത്തേക്കിറങ്ങി. കിട്ടിയ ഒരു ഓട്ടോറിക്ഷയില്‍ കയറി യാത്രയായി. 15 മിനിറ്റിനകം ഞങ്ങള്‍ ചാലപ്പുറം കാര്യാലയത്തില്‍ എത്തി. ഇന്നത്തെ പരിഷ്‌ക്കാര പണികളൊന്നുമില്ലാത്ത കാര്യാലയ കെട്ടിടത്തിന്റെ പുറകുവശത്തെ വരാന്ത മുറിയില്‍ ഞാന്‍ സ്ഥാനമുറപ്പിച്ചു. ഒരു ദീര്‍ഘകാല ജീവിതത്തിന്റെ തുടക്കമാണതെന്ന് അപ്പോളോര്‍ത്തില്ല. കുൡയും കാപ്പികുടിയും കഴിഞ്ഞ് ആഫീസിലേക്ക് പുറപ്പെടും മുമ്പ് രാഘവേട്ടന്‍ പറഞ്ഞു. കേസരിയിലേക്ക് കുറച്ചു മാറ്റര്‍ എഴുതിവയ്‌ക്കണം. ഞാന്‍ പിന്നെ വരാം. മാറ്റര്‍ എന്നു പറഞ്ഞാലെന്ത്, എഴുതേണ്ടതെന്ത്, ഒന്നും എനിക്ക് ഒരുപിടിയുമില്ല. സുദീര്‍ഘമായ വിദ്യാഭ്യാസവും വലിയ ഒരു ക്വാളിഫിക്കേഷനുമുണ്ടെങ്കിലും ആനുകാലികങ്ങളില്‍ എന്തെങ്കിലും ഞാന്‍ എഴുതിയിട്ടില്ല. അങ്ങനെയൊന്ന് അച്ചടിച്ചു കണ്ടിട്ടുമില്ല.
എന്താണെഴുതേണ്ടത്, കേസരിയില്‍ ഈയാഴ്ച അച്ചടിച്ചുവരേണ്ടത് എന്താണ് എന്നൊന്നും അറിയില്ല. അവിടെക്കിടന്ന ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. അതെടുത്ത് വിവര്‍ത്തനം ചെയ്തു. രണ്ടാവര്‍ത്തി വായിച്ചുനോക്കി. അപ്പോഴേക്കും രാഘവേട്ടനെത്തി. വല്ലതുമെഴുതിയോ? ചോദ്യമുയര്‍ന്നു. വിറച്ച കൈയോടെ ഞാനെഴുതി വച്ച വിവര്‍ത്തനക്കുറിപ്പ് എടുത്ത് ഇതുമതിയോ രാഘവേട്ടാ എന്നു ചോദിച്ചു. അതൊന്നും നോക്കാനില്ല. ഞാന്‍ കൊടുക്കാം. രാഘവേട്ടന്‍ അതും കൊണ്ടുപോയി. അടുത്ത ദിവസം മുന്‍ പത്രാധിപര്‍ തയ്യാറാക്കിയ അടുത്ത ലക്കം കേസരി അച്ചടിച്ചു വന്നു. ലാസ്റ്റ് പേജില്‍ എന്റെ ലേഖനമുള്‍പ്പെട്ട കേസരി കണ്ടപ്പോള്‍ എന്റെ സന്തോഷം പറയാനായില്ല. എപ്പോഴോ എട്ട് പേജില്‍ അച്ചടിച്ചിറങ്ങിയ കേസരിയുടെ അവസാന പേജ് ലേഖനമാണ്. ഞാന്‍ അങ്ങനെ കേസരി പത്രാധിപരായി. അടുത്ത ലക്കം പുറത്തിറങ്ങേണ്ടത് എന്റെ ഉത്തരവാദിത്വത്തില്‍. എട്ട് പേജിലേക്ക് പതിവനുസരിച്ച് തയ്യാറാക്കേണ്ടതെല്ലാം പെട്ടെന്ന് ശരിയാക്കി ഏതോ പ്രസ്സില്‍ കൊണ്ടുക്കൊടുത്ത് അച്ചുനിരത്തി കോളമാക്കിക്കിട്ടിയാല്‍ പേജ് ശരിയാക്കണം, തെറ്റു തിരുത്തണം. പേജ് ശരിയാക്കി അച്ചടിച്ചിറങ്ങുന്നതുവരെ അതില്‍ വരാവുന്ന ഓരോ തെറ്റിനും ഉത്തരവാദി ഞാന്‍ തന്നെ. താമസം ഒരിടത്ത്, മാറ്റര്‍ തയ്യാറാക്കി ടൈപ്പ് ചെയ്യിക്കേണ്ടത് ഒരിടത്ത്, പേജ് സെറ്റ് ചെയ്ത് കൊടുത്താല്‍ അച്ചടിക്കേണ്ടത് മറ്റൊരിടത്ത്. അച്ചടിച്ചിറക്കി പുറത്തുപോകുമ്പോള്‍ കണ്ടെത്തുന്ന വങ്കന്‍ അക്ഷരത്തെറ്റിനു ആര് ആരോടുത്തരം പറയണം. വായനക്കാര്‍ വിളിച്ച് ചീത്ത പറയുമ്പോള്‍ മാത്രമാണ് സ്വയം പഴിക്കുന്നത്. ഇതെല്ലാമാണ് കേസരി പത്രാധിപരായി എം.എ. കൃഷ്ണന്‍ വളര്‍ന്നതിന്റെ കഥ.
ആ കേസരി ഇന്ന് നഗരഹൃദയത്തില്‍ അറുപത് സെന്റോളം സ്വന്തമായ സ്ഥലത്ത് മള്‍ട്ടി സ്‌റ്റോറി മന്ദിരവുമായി പത്രപ്രവര്‍ത്തനത്തിന്റെ എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നതുള്‍പ്പെടെ എല്ലാറ്റിനും സൗകര്യമുള്ള മന്ദിരത്തിലേക്ക് മാറ്റിക്കൊണ്ട് നടക്കുന്ന ഉദ്ഘാടന മഹോത്സവത്തിന് ആര്‍എസ്എസ്സിന്റെ പൂജനീയ സര്‍സംഘചാലക് എത്തിച്ചേരുന്നു. 70 വര്‍ഷത്തെ ഈ വളര്‍ച്ചയില്‍ ഏറ്റവും സന്തോഷിക്കുന്നത് ഞാനാണ്. രാഘവേട്ടന്‍ ഇതുകാണാനില്ലല്ലോ എന്ന ദുഃഖവുമുണ്ട്. കേസരിയുടെവളര്‍ച്ച കേരളത്തിന്റെ പെരുമയ്‌ക്കാണ് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് നിര്‍ത്തുന്നു.
















