അടൂര്‍: സമൂഹത്തിന്റെ പൊതുചലനങ്ങളെ സൂക്ഷ്മമായി തിരിച്ചറിയുകയും അതിന്റെ അടിത്തട്ടില്‍ ഒളിഞ്ഞു കിടക്കുന്ന സാംസ്‌കാരിക ബീജത്തെ ഉള്‍ക്കണ്ണാലറിഞ്ഞ് അതിലൂടെ സമ്പൂര്‍ണ സര്‍ഗാത്മ ചൈതന്യം പ്രസരിപ്പിച്ച് രാഷ്‌ട്രഹിതത്തിനും രാഷ്‌ട്രവൈഭവത്തിനും ഉതകുന്ന രീതിയില്‍ സാംസ്‌കാരിക തനിമയോടെ പ്രവൃത്തിക്കുവാന്‍ തപസ്യക്ക് സാധിക്കണമെന്ന് രാഷ്‌ട്രീയ സ്വയംസേവക് സംഘ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍. അടൂര്‍ പഴകുളം പാസ് കാമ്പസില്‍ തപസ്യ സംസ്ഥാന പഠന ശിബിരത്തിന്റെ സമാപന സമ്മേളനത്തില്‍ സമാരോപ് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ലേഖനത്തിനും പ്രസംഗത്തിനും കഴിയാത്തത് കലയിലൂടെ സാധിക്കുവാനാവും. കാരണം ആന്തരാത്മാവിനെ പ്രചോദിപ്പിക്കുന്നതാണ് കല. ഓരോ മേഖലയിലുള്ളവരും അവരവരുടെ സംസ്‌കാരത്തിനും, അറിവിനും അനുസരിച്ചാണ് കല ആസ്വദിക്കുന്നത്. ആസ്വാദകന്റെ നിലവാരമാണ് കലയെ പരിപോഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ ആശയങ്ങളെ മറ്റുള്ളവരിലേക്ക് സന്നിവേശിപ്പിക്കുവാന്‍ കലയ്‌ക്ക് അപാരമായ കഴിവുണ്ട്. അത് മാനസിക ഭാവനയുടേയും കഴിവിന്റെയും ഫലമാണന്നും ദൃശ്യ കലകളും പ്രകടന കലകളും സാഹിത്യവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
നൂറ്റാണ്ടുകളുടെ കലാസാംസ്‌കാരിക പൈതൃകം ഉറങ്ങുന്ന മണ്ണാണ് കേരളം. നമ്മുടെ തനത് സംസ്‌കാരത്തെ കൈപിടിച്ചുയര്‍ത്തുവാന്‍ വളരെ വലിയ പങ്ക് വഹിച്ചത് കലയാണ് എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ അധ്യക്ഷ്യത വഹിച്ച യോഗത്തില്‍ സംസ്ഥാന കാര്യാധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ് ആമുഖ പ്രഭാഷണം നടത്തി. പ്രശസ്ത സാഹിത്യകാരിയും ജന്മാഷ്ടമി പുരസ്‌കാര ജേതാവുമായ ഡോ. പി. സുജാതയെ ചടങ്ങില്‍ ആദരിച്ചു.
















