Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള ആദ്യ സീസണിലെ ചാമ്പ്യന്മാരും കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുകളുമായ കാലിക്കറ്റ് എഫ്‌സിക്ക് മൂന്നാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ മിന്നുന്ന വിജയം. ഇന്നലെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തിരുവനന്തപുരം കൊമ്പന്‍സിനെ തകര്‍ത്തു. കാലിക്കറ്റ് ആധിപത്യം പുലര്‍ത്തിയ പോരാട്ടത്തില്‍ 23-ാം മിനിറ്റില്‍ നായകന്‍ കെ. പ്രശാന്തും ആദ്യ പകുതിയുടെ പരിക്ക് സമയത്തിന്റെ നാലാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മാക്‌സ്മിലിയാനോയും വിജയികള്‍ക്കായി ഗോള്‍ നേടി.

കാലിക്കറ്റ് എഫ്‌സി 4-3 -3 ശൈലിയിലും തിരുവനന്തപുരം കൊമ്പന്‍സ് പ്രതിരോധത്തിന് കരുത്തുകൂട്ടി 5-3-2 ശൈലിയിലുമാണ് മൈതാനത്തിറങ്ങിയത്. എതിരാളികളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കുന്നതിനുവേണ്ടി പതിഞ്ഞ താളത്തിലായിരുന്നു കളിയുടെ തുടക്കം. ആദ്യ പത്ത് മിനിറ്റില്‍ നല്ലൊരു നീക്കം പോലും നടത്താന്‍ ഇരു ടീമുകള്‍ക്കുമായില്ല. പതിനൊന്നാം മിനിറ്റില്‍ കാലിക്കറ്റിന്റെ പ്രശാന്ത് ഇടതു പാര്‍ശ്വത്തില്‍ക്കൂടി മുന്നേറി ബോക്‌സില്‍ പ്രവേശിച്ചെങ്കിലും കാര്യമുണ്ടായില്ല. മൂന്നു മിനിറ്റിനു ശേഷം വീണ്ടും കാലിക്കറ്റിന്റെ മുന്നേറ്റം. മൈതാന മധ്യത്തില്‍ നിന്ന് നീട്ടിക്കിട്ടിയ പന്തുമായി മുന്നേറിയ മുഹമ്മദ് റിയാസ് പന്ത് ബോക്‌സിലേക്ക് നല്‍കിയത് കൊമ്പന്‍സ് താരം ക്ലിയര്‍ ചെയ്‌തെങ്കിലും കിട്ടിയത് മാക്‌സ്മിലിയാനോയുടെ കാലുകളില്‍. പന്തു കിട്ടിയ താരം ഷോട്ട് ഉതിര്‍ത്തെങ്കിലും പുറത്തു പോയി. തൊട്ടുപിന്നാലെ ലഭിച്ച മറ്റൊരു അവസരവും കാലിക്കറ്റ് പാഴാക്കി. 22-ാം മിനിറ്റില്‍ കാലിക്കറ്റ് എഫ്‌സി ലീഡ് നേടി. കെ. പ്രശാന്താണ് ലക്ഷ്യം കണ്ടത്. ഇടതു വിങ്ങില്‍ നിന്ന് ലഭിച്ച പന്തുമായി ബോക്‌സില്‍ പ്രവേശിച്ച ഫെഡറികോ കൊമ്പന്‍സ് ഗോളി സത്യജിത്തിനെ മറികടന്ന ശേഷം നല്‍കിയ പാസ് പോസ്റ്റിന് മുന്നില്‍ നില്‍ക്കുകയായിരുന്ന പ്രശാന്ത് അനായാസം വലയിലെത്തിച്ചു. 28-ാം മിനിറ്റില്‍ കൊമ്പന്‍സിന്റെ ഗോള്‍ ശ്രമം. അവരുടെ ഘാന താരം ജോസഫ് ഗോര്‍ഡന്‍ തൊടുത്ത ലോങ്ങ് റേഞ്ചര്‍ പുറത്തേക്ക് പറന്നു. 38-ാം മിനിറ്റില്‍ കാലിക്കറ്റിന് അനുകൂലമായി ഫ്രീ കിക്ക്. കിക്കെടുത്തത് അവരുടെ അര്‍ജന്റീന താരം മാനുവല്‍ അഗസ്റ്റിന്‍. താരം തൊടുത്ത ഗ്രൗണ്ടര്‍ കൊമ്പന്‍സ് ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തി. കളി പരിക്ക് സമയത്തേക്ക് കടന്നതോടെ കാലിക്കറ്റ് ലീഡുയര്‍ത്തി. പെനാല്‍റ്റിയില്‍ നിന്നായിരുന്നു ഗോള്‍. കാലിക്കറ്റിന്റെ ആന്‍ഡ്രൂസിനെ കൊമ്പന്‍സിന്റെ ആര്‍. ഷിനു ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത മാക്‌സ്മിലിയാനോ ഗോളിക്ക് ഒരവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു. ഇതോടെ ആദ്യ പകുതിയില്‍ കാലിക്കറ്റ് എഫ്‌സി 2-0ന് മുന്നില്‍. ആദ്യ പകുതിയില്‍ കാലിക്കറ്റ് താരങ്ങള്‍ തൊടുത്ത എട്ട് ഷോട്ടില്‍ 4 എണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നു. അതേ സമയം കൊമ്പന്‍സ് 3 ഷോട്ടുകള്‍ പായിച്ചെങ്കിലും ഒരെണ്ണം പോലും ലക്ഷ്യത്തിലേക്കായിരുന്നില്ല. അഞ്ച് കോര്‍ണറുകളും കാലിക്കറ്റിന് ആദ്യ പകുതിയില്‍ ലഭിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊമ്പന്‍സ് രണ്ട് മാറ്റങ്ങള്‍ വരുത്തി. കബില്‍ ഹൊബ്ലെക്ക് പകരം ജംഷീദ് അലിയും ജോസഫ് ഗോര്‍ഡന് പകരം അര്‍ജുന്‍. വിയും മൈതാനത്തിറങ്ങി. എങ്കിലും കളിയുടെ നിയന്ത്രണം ആതിഥേയര്‍ക്കായിരുന്നു. ഇടയ്‌ക്ക് കൊമ്പന്‍സും ചില മിന്നലാട്ടങ്ങള്‍ പുറത്തെടുത്തെങ്കിലും കാര്യമുണ്ടായില്ല. ഇതിനിടെ കൊമ്പന്‍സിന്റെ ഷിനുവിന് മഞ്ഞക്കാര്‍ഡും ലഭിച്ചു.

62-ാം മിനിറ്റില്‍ കൊസന്‍സ് ജസ്റ്റിന്‍ ജോര്‍ജിന് പകരം ഘാന താരം സ്റ്റീഫന്‍ അക്വഹെയും ഇറക്കി. അഞ്ച് മിനിറ്റിനു ശേഷം കാലിക്കറ്റ് ആന്‍ഡ്രൂസിനും കാല്‍വിന്‍ തോമസിനും പകരം ടി. ജോബിനെയും മുഹമ്മദ് ആഷിഖിനെയും ഇറക്കിയെങ്കിലും ആസൂത്രിത നീക്കങ്ങളൊന്നും രണ്ട് ടീമുകളും നടത്തിയില്ല. പിന്നീട് മാക്‌സ് മിലിമിലിയാനോ, പ്രശാന്ത് എന്നിവരെ പിന്‍വലിച്ച് ലിയനാര്‍ഡോ, അജാദ് സഹീം എന്നിവരെയും കൊമ്പന്‍സ് കെയ്റ്റല എമൗസിന് പകരം ടി. ഷിജിനെയും ഇറക്കി. രണ്ട് ഗോളിന്റെ ലീഡ് സ്വന്തമായതോടെ കാലിക്കറ്റ് പ്രതിരോധത്തിലേക്ക് വലിഞ്ഞതും കളിയുടെ ആവേശം കുറച്ചു. കളിയുടെ അവസാന മിനിറ്റുകളില്‍ ഗോള്‍ മടക്കാനായി കൊമ്പന്‍സ് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കാലിക്കറ്റ് പ്രതിരോധത്തെയും ഗോളിയെയും കീഴടക്കി ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല.