ശബരിമല ; അയ്യപ്പസന്നിധിയിൽ വഴിപാടുമായി എത്തിയ മുൻമേൽശാന്തിമാർക്ക് പോലും അവഗണന . താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകാതെ അപമാനിച്ചതായാണ് പരാതി. മേൽശാന്തിസമാജത്തിന്റെ നേതൃത്വത്തിൽ ശബരിമലയിലെ 32 മുൻമേൽശാന്തിമാരാണു കന്നിമാസപൂജയ്‌ക്ക് എത്തിയത്.
സന്നിധാനത്തും മാളികപ്പുറത്തും ലക്ഷാർച്ചന, ലളിതാസഹസ്രനാമാർച്ചന, ഭഗവതി സേവ എന്നീ വഴിപാടുസമർപ്പണത്തിന് പണവും മുൻ കൂറായി അടച്ചിരുന്നു. 12,500 രൂപ അടച്ച് 19ന് മാളികപ്പുറത്തു ലളിതാസഹസ്രനാമാർച്ചന, ഭഗവതിസേവ, 20ന് അയ്യപ്പസന്നിധിയിൽ ലക്ഷാർച്ചന എന്നിവയാണു നടത്തിയത്.
താമസത്തിനു സൗജന്യമായി മുറിയും പ്രസാദവും നൽകാൻ ദേവസ്വം ബോർഡ് ഉത്തരവുണ്ടായിട്ടും മണിക്കൂറുകളോളം അനിശ്ചിതത്വത്തിൽ നിർത്തി വിഷമിപ്പിച്ചതായി മേൽശാന്തി സമാജം പ്രസിഡന്റ് പുതുമന മനു നമ്പൂതിരി, സെക്രട്ടറി മാടവന പരമേശ്വരൻ നമ്പൂതിരി എന്നിവർ ദേവസ്വം മന്ത്രി, ദേവസ്വം ബോർഡ് പ്രസിഡന്റ് എന്നിവർക്കു നൽകിയ പരാതിയിൽ പറയുന്നു.
ദേവസ്വം അക്കമഡേഷൻ ഓഫിസിൽ 10,000 രൂപ അടച്ചപ്പോൾ ഹാൾ അനുവദിച്ചെങ്കിലും അതിൽ കട്ടിൽ, പായ് തുടങ്ങി ഒന്നും നൽകിയില്ലെന്നും പരാതിയിലുണ്ട്.
















