Football

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ വാരിയേഴ്‌സിന് വിജയത്തുടക്കം. ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ റണ്ണേഴ്സായ തൃശൂര്‍ മാജിക് എഫ്‌സി യെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. പതിനേഴാം മിനിറ്റില്‍ അസിയര്‍ ഗോമസാണ് വിജയഗോള്‍ നേടിയത്. കഴിഞ്ഞ സീസണ്‍ ഫൈനലിന്റെ തനിയാവര്‍ത്തനമായിരുന്നു ഇന്നലത്തെ ഉദ്ഘാടന പോരാട്ടം. കഴിഞ്ഞ സീസണ്‍ ഫൈനലിലും തൃശൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയായിരുന്നു. വാരിയേഴ്‌സ് കിരീടം നേടിയത്. ഇന്നലെ മത്സരം കാണാന്‍ പതിനൊന്നായിരത്തിലേറെ പേര്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു.

ഇരു ടീമുകളും 4-3-3 ശൈലിയിലാണ് മൈതാനത്തിറങ്ങിയത്. വാരിയേഴ്‌സ് നിരയില്‍ 4 വിദേശ താരങ്ങള്‍ ആദ്യ ഇലവനില്‍ ഇടം പിടിച്ചപ്പോള്‍ തൃശൂര്‍ നിരയില്‍ വെനസ്വേല താരം ഹെന്റി മെന്‍ഡോസ മാത്രമാണ് ആദ്യ ഇലവനില്‍ ഇടം പിടിച്ചത്.

കളിയുടെ തുടക്കം മുതല്‍ സ്വന്തം ആരാധകരുടെ പിന്തുണയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് മികച്ച മുന്നേറ്റങ്ങള്‍ നടത്തി. നിജോ ഗില്‍ബര്‍ട്ടും വിദേശ താരങ്ങളായ അസിയര്‍ ഗോമസും ബോഗ്ദാനും മികച്ച ചില മുന്നേറ്റങ്ങളുമായി തൃശൂര്‍ ബോക്‌സില്‍ ഭീതി വിതച്ചു. കളിയില്‍ ആദ്യ അവസരം ലഭിച്ചതും ആതിഥേയര്‍ക്കാണ്. നിജോ ഗില്‍ബര്‍ട്ട് എടുത്ത കോര്‍ണറിന് ആല്‍വാരോ ഫെര്‍ണാണ്ടസ് തലവച്ചെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്നും വാരിയേഴ്‌സിന് ചില മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ആദ്യം ബോഗ്ദാനും പിന്നീട് വികാസും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത്. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 17-ാം മിനിറ്റില്‍ കണ്ണൂര്‍ ലീഡ് എടുത്തു. തൃശൂര്‍ മാജിക് പ്രതിരോധ താരം ഹെന്റി വരുത്തിയ പിഴവില്‍ നിന്ന് ലഭിച്ച പന്ത് ലൈനിലൂടെ ഓടി കയറിയ ബോഗ്ദാന്‍ ബോക്സില്‍ നിലയുറപ്പിച്ചിരുന്ന അസിയര്‍ ഗോമസിന് ലക്ഷ്യം തട്ടാതെ നല്‍കി. അസിയര്‍ കൃത്യമായി ടാപ് ചെയ്ത് ഗോളാക്കി മാറ്റി. സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണിലെ ആദ്യ ഗോള്‍. ഗോള്‍ നേടിയതോടെ അസിയര്‍ ഗോമസ് ഏഴ് ഗോളുമായി കണ്ണൂര്‍ വാരിയേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടകാരനായി
ഇടയ്‌ക്ക് തൃശൂര്‍ മാജിക് എഫ്‌സിസിയും എതിര്‍ ബോക്‌സിലേക്ക് ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വാരിയേഴ്‌സ് പ്രതിരോധത്തെയും ഗോള ഹജ്മലിനെയും കീഴ്പ്പെടുത്തി ലക്ഷ്യം കാണാനായില്ല.

40 ാം മിനിറ്റില്‍ കണ്ണൂരിനെ തേടി സുവര്‍ണാവസരമെത്തി. വലത് വിങ്ങിലൂടെ മുന്നേറിയ മുഹമ്മദ് സിനാന്‍ ബോക്സിന് അകത്തുനിന്ന് വിങ്ങര്‍ ഫസലു റഹ്‌മാനെ ലക്ഷ്യമാക്കി ഉഗ്രന്‍ മൈനസ് പാസ് നല്‍കിയെങ്കിലും ഫസലു റഹ്‌മാന്‍ പോസ്റ്റിന് മുകളിലൂടെ ഉയര്‍ത്തി അടിച്ചു. ആദ്യ പകുതിയുടെ അധിക സമയത്ത് കണ്ണൂര്‍ വാരിയേഴ്സ് സ്ട്രൈക്കര്‍ ബോഗ്ദാന്‍ ബോക്സിന് പുറത്ത് നിന്ന് ഗോള്‍ ലക്ഷ്യമാക്കി ഉഗ്രന്‍ ഷോട്ട് അടിച്ചെങ്കിലും തൃശൂര്‍ ഗോള്‍ കീപ്പര്‍ കമാലുദ്ദീന്‍ മനോഹരമായി തട്ടി അകറ്റി. ഇതോടെ ആദ്യ പകുതിയില്‍ വാരിയേഴ്‌സ് 1-0ന് മുന്നില്‍.

രണ്ടാം പകുതിയില്‍ സമനില ഗോള്‍ ലക്ഷ്യമിട്ടാണ് തൃശൂര്‍ ഇറങ്ങിയത്. മികച്ച ചില മുന്നേറ്റങ്ങളും അവര്‍ നടത്തി. എന്നാല്‍ സമനില ഗോള്‍ വിട്ടുനിന്നു. അന്‍പത്തിയെട്ടാം മിനിറ്റില്‍ ലീഡുയര്‍ത്താന്‍ വാരിയേഴ്‌സിന് സുവര്‍ണാവസരം ലഭിച്ചു. അവരുടെ സച്ചിന്‍ സുരേഷ് തൃശൂര്‍ പ്രതിരോധ താരങ്ങളുടെ തലയ്‌ക്ക് മുകളിലൂടെ ബോഗ്ദാദാനെ ലക്ഷ്യമാക്കി നല്‍കിയ പന്ത് സ്വീകരിച്ച് ഒറ്റയ്‌ക്ക് മുന്നേറി ബോക്‌സില്‍ പ്രവേശിച്ച ശേഷം തൊടുത്ത ഒരു ബുള്ളറ്റ് ഷോട്ട് നെറ്റിന്റെ സൈഡില്‍ തട്ടി പുറത്തു പോയി. അറുപത്തി ഒന്നാം മിനിറ്റില്‍ തൃശൂര്‍ അബ്ദുള്‍ സമദിനെ പിന്‍വലിച്ച് സ്പാനിഷ് താരം സെര്‍ജിയോ ലട്ടോറയെ ഇറക്കി. തൊട്ടുപിന്നാലെ കണ്ണൂര്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി. ബോഗ്ദാന് പകരം ജെറാഡ് അര്‍ടഗാസും മുഹമ്മദ് സിനാന് പകരം ഗൗതം. പിയും ഇറങ്ങി. 79-ാം മിനിറ്റില്‍ ഫസലുറഹ്‌മാന് പകരം ഉമാശങ്കറും ഇറങ്ങി. തൊട്ടുപിന്നാലെ മുഹമ്മദ് ഷിഹാസിന് പകരമായി സിലാജിത് സാന്‍ട്രയെ തൃശൂരും ഇറക്കി. കളി പരിക്ക് സമയത്തേക്ക് കടന്നതോടെ കണ്ണൂര്‍ ഐസര്‍ഗോമസിന് പകരം ഫ്രെഡറിക്കിനെയും ഇറക്കിയെങ്കിലും ലീഡുയര്‍ത്താന്‍ അവര്‍ക്കായില്ല. തൃശൂരിന്റെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി വാരിയേഴ്‌സ് പ്രതിരോധവും ഗോളി ഹജ്മമലും നിലയുറപ്പിച്ചതോടെ സമനില ഗോളെന്ന അവരുടെ സ്വപ്‌നവും പൊലിഞ്ഞു.

ഇന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കാലിക്കറ്റ് എഫ്‌സി തിരുവനന്തപുരം കൊമ്പന്‍സുമായി ഏറ്റുമുട്ടും. രാത്രി 7.30നാണ് കളി.