കരുനാഗപ്പള്ളി: ലോകത്തിന്റെ ചെറുപതിപ്പാകുകയാണ് അമൃതപുരി. ഇനി രണ്ടുദിവസം അമൃതപുരിയില്‍ അമൃതോത്സവം. വിശ്വസേവാ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് അമൃതപുരിയിലെത്തുക. ആശ്രമത്തില്‍ നിന്ന് അമൃത സര്‍വകലാശാല കാമ്പസിലെത്തുന്ന അമ്മയെ ഭക്ത്യാദരപൂര്‍വം സ്വീകരിക്കും.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍വഹിക്കും. നാലോടെ അമൃതപുരി കാമ്പസ് ഹെലിപാഡിലിറങ്ങുന്ന അമിത് ഷാ അമ്മയുമായുള്ള കൂടിക്കാഴ്ചയ്‌ക്കു ശേഷം അഞ്ചോടെ പ്രത്യേകം തയാറാക്കിയ വേദിയിലെത്തും. കേന്ദ്രമന്ത്രി സുരേഷ് ഗോപി,മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരും പങ്കെടുക്കും. അമൃത കീര്‍ത്തി പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിക്കും. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പന ചെയ്ത സരസ്വതീ ശില്‍പവും പ്രശംസാ പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
ആസാമിലെ പ്രളയദുരിതാശ്വാസ നിധിയിലേക്കു മാതാ അമൃതാന്ദമയീ മഠം നല്കുന്ന രണ്ട് കോടി രൂപ ആസാം വിദ്യാഭ്യാസ മന്ത്രി ഡോ. രനോജ് പെഗുവിന് കൈമാറും. ചടങ്ങിനു ശേഷം അമ്മയുടെ നേതൃത്വത്തില്‍ ധ്യാനവും ഭജനയും ദര്‍ശനവും.
















