
കൊച്ചി: സിഎംആര്‍എല്‍ പണമിടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശുപാര്‍ശ പ്രകാരം മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിന് പകരം പ്രാഥമിക പോലീസ് അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മുന്‍ അഡീ. പ്രൈവറ്റ് സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമായ കെ.എം. ഷാജഹാനാണ് ഹര്‍ജി നല്‍കിയത്. കോടതി ഇത് അടുത്ത ദിവസം പരിഗണിക്കും.
ഇ ഡി നല്‍കിയ ശുപാര്‍ശ വിജിലന്‍സ് ആന്‍ഡ് ആന്റി-കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ക്ക് കൈമാറുന്നതിന് പകരം പ്രാഥമിക പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടത് ‘ഒത്തുകളി’യാണെന്നും, കുറ്റാരോപിതരെ രക്ഷിക്കാനുള്ള ശ്രമമാണെന്നും ഷാജഹാന്‍ ആരോപിക്കുന്നു. സംസ്ഥാന പോലീസ് മേധാവിക്ക് ഇ ഡി നല്‍കിയ ശുപാര്‍ശ ഇപ്പോള്‍ രാഷ്‌ട്രീയ നേതൃത്വത്തിന്റെ കൈകളിലെത്തിയിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. ഇതിന്റെ ഫലമായാണ്, അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ അന്വേഷിക്കാന്‍ ചുമതലപ്പെട്ട ഏജന്‍സിക്ക് പകരം പോലീസ് പ്രാഥമിക അന്വേഷണം നടത്താന്‍ ഉത്തരവിട്ടതെന്നും അദ്ദേഹം പറയുന്നു.
പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ളതും ഇപ്പോള്‍ പ്രവര്‍ത്തനരഹിതവുമായ ‘എക്സാലോജിക് സൊല്യൂഷന്‍സ്’ എന്ന കമ്പനിക്ക്, ഐടി കണ്‍സള്‍ട്ടന്‍സി സേവനങ്ങളൊന്നും ലഭിക്കാതെ സിഎംആര്‍എല്‍ 3.28 കോടി രൂപ നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നതായും ഷാജഹാന്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. അതേസമയം, പിഎംഎല്‍എ പ്രകാരം നടത്തിയ അന്വേഷണത്തില്‍ ശേഖരിച്ച വിവരങ്ങള്‍ കൈമാറിയ ഇ ഡി, പിണറായി വിജയന്‍, മകള്‍ ടി. വീണ, മരുമകനും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോട് ശുപാര്‍ശ ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടും, ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.