
തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ വിദേശ റിക്രൂട്ട്മെന്റ് ഏജന്‍സിയായ ആംസ്റ്റര്‍ ഓവര്‍സീസ് സി.ഇ.ഒ പാര്‍വതി മായ ഷാജിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദേശത്തുനിന്ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നപ്പോഴാണ് വിമാനത്താവള സുരക്ഷാ വിഭാഗത്തിന്റെയും പോലീസിന്റെയും സഹായത്തോടെ പാര്‍വതി മായയെ കസ്റ്റഡിയിലെടുത്തത്.
അര്‍മേനിയ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ വിവിധ ജോലികള്‍ വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം തട്ടിയെന്ന പരാതിയിലാണ് പോലീസ് നടപടി. ജോലി വാഗ്ദാനം നല്‍കി പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി വ്യക്തമാക്കി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ പാര്‍വതി മായ ഷാജി ഒന്നാം പ്രതിയാണ്.
വിദേശത്തേക്ക് തൊഴില്‍ തേടിപ്പോകുന്ന നിരവധി ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ചതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. വിസയോ വാഗ്ദാനം ചെയ്ത ജോലിയോ ലഭിക്കാതിരിക്കുകയും നല്‍കിയ പണം തിരികെ ചോദിച്ചപ്പോള്‍ ഏജന്‍സി അധികൃതരില്‍ നിന്ന് തൃപ്തികരമായ മറുപടി ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് പോലീസ് തിരച്ചില്‍ നോട്ടീസ് അടക്കം പുറപ്പെടുവിച്ചിരുന്നു
വിദേശരാജ്യങ്ങളിലേക്കുള്ള മികച്ച തൊഴില്‍ സാധ്യതകള്‍, സ്ഥിരതാമസത്തിനുള്ള പ്രൊഫഷണല്‍ സേവനങ്ങള്‍, ഉപരിപഠനത്തിനായുള്ള സഹായങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്താണ് ആംസ്റ്റര്‍ ഓവര്‍സീസ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയിരുന്നത്.