ന്യൂഡൽഹി: എച്ച്.എം.ടി. മെഷീൻ ടൂൾസ് ലിമിറ്റഡ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനവും സ്ഥാപനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ഉന്നയിച്ച് രാജ്യസഭാംഗം ശ്രീ സി. സദാനന്ദൻ മാസ്റ്റർ കേന്ദ്ര ഘനവ്യവസായ-പൊതുമേഖലാ സംരംഭ വകുപ്പ് മന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി.
കളമശ്ശേരി എച്ച്.എം.ടി. യൂണിറ്റ് നേരിടുന്ന സാമ്പത്തികവും പ്രവർത്തനപരവുമായ വെല്ലുവിളികൾ, ജീവനക്കാരുടെയും തൊഴിലാളികളുടെയും വിവിധ പ്രശ്നങ്ങൾ, സ്ഥാപനത്തിന്റെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ എന്നിവ എം.പി. മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
എച്ച്എംടി മെഷീൻ ടൂൾസ് ലിമിറ്റഡിന്റെ കളമശ്ശേരി യൂണിറ്റിന് രാജ്യത്തെ വ്യാവസായിക, മെഷീൻ ടൂൾസ് മേഖലയിൽ നിർണായകമായ സ്ഥാനമാണുള്ളതെന്നും, സ്ഥാപനത്തിന്റെ സാങ്കേതിക വൈദഗ്ധ്യവും പരിചയസമ്പന്നരായ ജീവനക്കാരുടെ സേവനവും പ്രയോജനപ്പെടുത്തി യൂണിറ്റിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്രമായ പുനരുജ്ജീവന നടപടികൾ ആവശ്യമാണ് എന്നും എം.പി. ചൂണ്ടിക്കാട്ടി.
സ്ഥാപനത്തിന്റെ പ്രവർത്തനം സുസ്ഥിരമാക്കുന്നതിനായി ആവശ്യമായ പുനരുജ്ജീവന പാക്കേജിന്റെ അംഗീകാരം, പ്രവർത്തന മൂലധനത്തിന്റെ ലഭ്യത, ആധുനികവൽക്കരണം, ഉൽപ്പാദനവും ഓർഡറുകളും വർധിപ്പിക്കുന്നതിനുള്ള നടപടികൾ, ജീവനക്കാരുടെയും തൊഴിലാളികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കൽ തുടങ്ങിയ വിഷയങ്ങളിലും അടിയന്തര ഇടപെടൽ വേണമെന്ന് എം.പി. മന്ത്രിയോട് അഭ്യർത്ഥിച്ചു.
കളമശ്ശേരി എച്ച്.എം.ടി. യൂണിറ്റിന്റെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അനുകൂലമായി പരിഗണിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് മന്ത്രി എച്ച്.ഡി. കുമാരസ്വാമി ഉറപ്പ് നൽകിയതായി സി. സദാനന്ദൻ മാസ്റ്റർ എം.പി. അറിയിച്ചു.
എച്ച്.എം.ടി. കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനത്തിലൂടെ സ്ഥാപനത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും ജീവനക്കാരുടെയും തൊഴിലാളികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ആവശ്യമായ തുടർനടപടികൾക്കായി എം.പി. ഇടപെടൽ തുടരുമെന്നും അറിയിച്ചു.
















