India

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: 2030-ഓടെ മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയുള്ള ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം. 2030-ൽ ഉൽപ്പാദനം ആരംഭിക്കാൻ നിശ്ചയിച്ചിട്ടുള്ള ജപ്പാന്റെ അടുത്ത തലമുറ E10 സീരീസ് ട്രെയിനുകളുടെ വേഗതയ്‌ക്ക് തുല്യമായ വേഗത പിടിക്കാൻവകഴിയുന്ന ട്രെയിനുകളാണ് ഭാരതം നിർമിക്കുക.

ഭാരതം മുൻപ് ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്ന E5 സീരീസ് ട്രെയിനുകളുടെ ഉൽപ്പാദനം അവസാനിപ്പിക്കുകയാണെന്ന് 2024 ഡിസംബറിൽ ജപ്പാൻ അറിയിച്ചിരുന്നു. ജപ്പാനിൽ E10 ട്രെയിനുകൾ 2034-ഓടെ മാത്രമേ സർവീസിന് സജ്ജമാകൂ. അതിനാൽ അവ ലഭ്യമാകുമ്പോൾ ഉപയോഗിക്കുന്ന കാര്യം ഭാരതം പിന്നീട് പരിഗണിക്കും. ഇതിനു മുമ്പു തന്നെ ഭാരതത്തിന്റെ
തദ്ദേശീയ ബുള്ളറ്റ് ട്രെയിനുകളെ ഇറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പുതുക്കിയ ചെലവ് 2 ലക്ഷം കോടി രൂപയിലധികമായിരിക്കുകയാണ് ഇപ്പോൾ. ഇത് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 2015-ലെ പ്രാരംഭ കണക്കുകൂട്ടലായ 1.1 ലക്ഷം കോടി രൂപയിൽ നിന്ന് ഇരട്ടിയോളമാണ് വർധനവ്. ‌വർധിച്ച 1 ലക്ഷം കോടി രൂപയോളം തുക ബജറ്റ് വിഹിതത്തിൽ നിന്നാണ് കണ്ടെത്തുന്നത്.

ജാപ്പനീസ് ട്രെയിനുകൾ ഒഴിവാക്കിയുള്ള ഇപ്പോഴത്തെ കണക്ക് പ്രകാരം ബുള്ളറ്റ് ട്രെയിൻ പാതയ്‌ക്ക് ഒരു കിലോമീറ്ററിന് ഏകദേശം 399 കോടി രൂപയാണ് ചെലവ്.

2015നെ അപേക്ഷിച്ച് ഭൂമി ഏറ്റെടുക്കൽ ചെലവ് മൂന്നിരട്ടിയിലധികം വർധിച്ച് ഏകദേശം 19,700 കോടി രൂപയായിരിക്കുകയാണ്. നിർമാണ അടിസ്ഥാന സൗകര്യ ചെലവുകൾ 50% വർധിച്ച് 1 ലക്ഷം കോടി രൂപ കടന്നു. ട്രെയിനുകൾക്കും സിഗ്നലിങ് സിസ്റ്റങ്ങൾക്കുമായി മാറ്റിവെച്ച തുകയിൽ 100% വർധനവുണ്ടായി.

മുംബൈ-അഹമ്മദാബാദ് പാതയിൽ തുടക്കത്തിൽ B28 ട്രെയിനുകളായിരിക്കും സർവീസ് നടത്തുക. ഈ ട്രെയിനുകളുടെ ഡിസൈൻ വേഗത മണിക്കൂറിൽ 280 കിലോമീറ്ററാണ്. പരമാവധി ഓപ്പറേറ്റിങ് സ്പീഡ് 249 കിലോമീറ്ററായിരിക്കും. 32 B28 ട്രെയിനുകൾ നിർമിക്കാനുള്ള കരാർ ബിഇഎംഎലിന് ലഭിച്ചിട്ടുണ്ട്. ഇതിൽ 2 പ്രോട്ടോടൈപ്പ് ട്രെയിനുകൾ 2027 ആദ്യ പാദത്തിൽ ട്രയൽ റണ്ണിനായി സജ്ജമാകും. കൂടാതെ 15 B28 ട്രെയിനുകൾ കൂടി നിർമിക്കുന്നതിനായി 5,400 കോടി രൂപയുടെ വേറെയൊരു കരാറും ബിഇഎംഎലിന് നല്‍കിയിട്ടുണ്ട്.

സിഗ്നലിങ് സംവിധാനവും ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഭാരതം ഇതിനായി സ്വന്തമായി ‘ഭാരത് ട്രെയിൻ കൺട്രോൾ സിസ്റ്റം’ എന്ന പേരിൽ സിഗ്നലിങ് സംവിധാനം വികസിപ്പിച്ചെടുക്കും. ചൈനയുടെ തദ്ദേശീയ സിടിസിഎസ് സിഗ്നലിംഗ് മാതൃകയിലാണ് ഇത് രൂപകൽപ്പന ചെയ്യുന്നത്.

അതേസമയം, പദ്ധതിയുടെ നിർമാണച്ചെലവ് വർധിച്ചതിലും റെയിൽവേ മന്ത്രാലയം വിശദീകരണം നൽകിയിട്ടുണ്ട്. മഹാരാഷ്‌ട്രയിൽ ഭൂമി ഏറ്റെടുക്കാനുണ്ടായ കാലതാമസം ജപ്പാനിൽ നിന്ന് ട്രെയിൻ സെറ്റ് ലഭിക്കാൻ ഉണ്ടായ താമസം എന്നിവയാണ് ചിലവ് വർധിക്കാൻ കാരണം. 2030-ാടെ പദ്ധതി പൂർത്തിയാകുമെന്നും ആദ്യ ഘട്ടം 2027 ഓഗസ്‌റ്റോടെ പ്രവർത്തനക്ഷമമാകുമെന്നും റെയിൽവേ മന്ത്രാലയത്തിലെ അധികൃതർ അറിയിച്ചു.

പദ്ധതിക്കായുള്ള ബജറ്റ് വിഹിതത്തിൽ നിന്നായിരിക്കും അധിക ധനസഹായവും ലഭ്യമാകുക എന്നാണ് അധികൃതർ സൂചപ്പിക്കുന്നത്. നിലവിൽ പദ്ധതിക്ക് ആവശ്യമായ 1.1 ലക്ഷം കോടി രൂപ ലഭ്യമായത് ബജറ്റ് വിഹിതത്തിൽ നിന്നും ജപ്പാൻ ഇന്റർനാഷണൽ കോപ്പറേഷൻ ഏജൻസിയിൽ നിന്നുമാണ്. അതിവേഗ ട്രെയിനുകൾ ഭാരതത്തില്‍
നിർമ്മിക്കുമെന്ന് റെയിൽവേ പറഞ്ഞിട്ടുണ്ടെന്നും ഇവയിൽ ഓരോന്നിനും ഏകദേശം 390 കോടി മുതൽ 400 കോടി രൂപ വരെ ചിലവാകുമെന്നും അധികൃതർ പറഞ്ഞു.