നഗോയ (ജപ്പാന്‍): ഏഷ്യന്‍ ഗെയിംസ് മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ (എംഎംഎ) ഭാരതത്തിന് ചരിത്രത്തിലെ ആദ്യ മെഡല്‍ സമ്മാനിച്ച് സുചിക തരിയാല്‍. എന്നാല്‍ വനിതകളുടെ ട്രഡീഷണല്‍ 60 കിലോഗ്രാം വിഭാഗം സെമിഫൈനലില്‍ അത്യന്തം നാടകീയമായ സാഹചര്യത്തില്‍ പരാജയം ഏറ്റുവാങ്ങിയാണ് താരം വെങ്കല മെഡലില്‍ ഒതുങ്ങിയത്. മത്സരം സമനിലയിലായതിനെത്തുടര്‍ന്ന് രാവിലെ പരിശോധിച്ച ശരീരഭാരത്തില്‍ എതിരാളിയേക്കാള്‍ 700 ഗ്രാം കൂടുതലായിരുന്നുവെന്ന വിചിത്രമായ നിയമമാണ് സുചികയ്‌ക്ക് ഫൈനല്‍ പ്രവേശനം നിഷേധിച്ചത്.
സിംഗപ്പൂരിന്റെ ഹുയി ഹൂണ്‍ തിയോയ്‌ക്കെതിരായ സെമി പോരാട്ടം നിശ്ചിത സമയത്തും തുടര്‍ന്ന് നല്‍കിയ ഒരു മിനിറ്റ് അധിക സമയത്തും (ഓവര്‍ടൈം) ഒപ്പത്തിനൊപ്പം നിന്നു. തുടക്കത്തില്‍ റഫറിമാര്‍ സിംഗപ്പൂര്‍ താരത്തിന് അനുകൂലമായി വിധി പ്രഖ്യാപിച്ചെങ്കിലും, ഭാരത ക്യാമ്പ് ആര്‍ബിട്രേഷന്‍ ഫീസ് അടച്ച് വിധി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പുതിയ മൂന്ന് ജഡ്ജിമാര്‍ കൂടി മത്സരം വിലയിരുത്തിയതോടെ മത്സരം ഔദ്യോഗികമായി ‘സമനില’യായി പ്രഖ്യാപിച്ചു.
വിനയായ വിചിത്ര നിയമം
അന്താരാഷ്‌ട്ര മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഫെഡറേഷന്‍ ചട്ടപ്രകാരം സമനില മത്സരങ്ങളില്‍ ടൈബ്രേക്കറായി രാവിലെ രേഖപ്പെടുത്തിയ താരങ്ങളുടെ ശരീരഭാരമാണ് കണക്കിലെടുക്കുന്നത്. മത്സരദിവസം രാവിലെ പരിശോധിച്ചപ്പോള്‍ സിംഗപ്പൂര്‍ താരത്തിന് 58.5 കിലോഗ്രാമും സുചികയ്‌ക്ക് 59.2 കിലോഗ്രാമുമായിരുന്നു ഭാരം. ഭാരക്കുറവുള്ള താരത്തിന് വിജയം അനുവദിക്കണമെന്ന നിയമം വന്നതോടെ 700 ഗ്രാമിന്റെ വ്യത്യാസത്തില്‍ ഹുയി ഹൂണ്‍ ഫൈനലിലേക്ക് മുന്നേറുകയും സുചിക വെങ്കലം നേടുകയും ചെയ്തു. വിധിപ്രഖ്യാപനത്തിന് പിന്നാലെ മാറ്റ് വിട്ടിറങ്ങിയ മുപ്പത്താറുകാരിയായ സുചിക കണ്ണീരോടെയാണ് മടങ്ങിയത്.
താന്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇത്തരം ഒരു വിചിത്ര നിയമം മൂലം സ്വര്‍ണ പോരാട്ടത്തിനുള്ള അവസരം നഷ്ടമായതില്‍ താരം കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇത്തരം ചട്ടങ്ങള്‍ മറ്റൊരു കായിക വേദിയിലും ഉണ്ടാകാറില്ലെന്നും നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്നും ഭാരത എംഎംഎ ഫെഡറേഷന്‍ അധികൃതരും വ്യക്തമാക്കി.
















