ന്യൂദല്‍ഹി : ഫാര്‍മക്കോവിജിലന്‍സ് (മരുന്ന് സുരക്ഷാ നിരീക്ഷണം)രംഗത്ത് ഇന്ത്യയുടെ മുന്നേറ്റം വര്‍ഷങ്ങളായി സ്വയംപര്യാപ്തതയുടെ മികച്ച മാതൃകയാണെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേല്‍.ന്യൂദല്‍ഹിയില്‍ ഇന്ത്യയുടെ മരുന്ന് വിവര പട്ടിക ഏഴാം പതിപ്പ് പ്രകാശനം ചെയ്യവെയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.
നിലവില്‍ രാജ്യത്ത് 1,100-ലധികം ‘അഡ്വേഴ്‌സ് ഡ്രഗ് റിയാക്ഷന്‍ മോണിറ്ററിംഗ് സെന്ററുകള്‍’ (മരുന്ന് മൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ നിരീക്ഷിക്കുന്ന കേന്ദ്രങ്ങള്‍) പ്രവര്‍ത്തിക്കുന്നുണ്ട്.പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ തലത്തിലേക്ക് കൂടി ഇവയുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
ലോകമെമ്പാടുമുള്ള 25 രാജ്യങ്ങള്‍ ‘ഇന്ത്യന്‍ ഔഷധശാസ്ത്രഗ്രന്ഥം” അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് അനുപ്രിയ പട്ടേല്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ രോഗി സുരക്ഷാ വിവര ശേഖരണത്തിന് ഇന്ത്യ ഇപ്പോള്‍ മരുന്ന് സുരക്ഷാ നിരീക്ഷണ വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ലോകാരോഗ്യ സംഘടനയ്‌ക്ക് ഇത്തരം വിവരങ്ങള്‍ നല്‍കുന്നതില്‍ 2014-ല്‍ 123-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 8-ാം സ്ഥാനത്തേക്ക് ഉയര്‍ന്നുവെന്ന കാര്യം മന്ത്രി എടുത്തുപറഞ്ഞു. 2025-ലാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.











