കൊച്ചി: കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി റോജി എം. ജോണ്‍.കേരള സര്‍വകലാശാല കലാലയ രാഷ്‌ട്രീയം അവസാനിപ്പിക്കാന്‍ കരട് രേഖ തയാറാക്കിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി.
കാളപെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്ന രീതിയിലാണ് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.വിദ്യാര്‍ഥി രാഷ്‌ട്രീയം അവസാനിപ്പിക്കാന്‍ കേരള സര്‍വകലാശാല യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ല.
കോടതി നിര്‍ദേശം അനുസരിച്ച് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ ഉപസമിതിയെ നിയമിച്ചിരുന്നു. ഈ ഉപസമിതിയുടെ ചര്‍ച്ചകള്‍ക്കായി നിയമ സമിതി തയാറാക്കിയ ഒരു രേഖ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രസ്താവന നടത്തും മുമ്പ് സ്വന്തം സംഘടനയിലുള്ള ഉപസമിതി അംഗങ്ങളോടെങ്കിലും ചോദിച്ചു കാര്യങ്ങള്‍ മനസിലാക്കണമായിരുന്നുവെന്നും റോജി എം. ജോണ്‍ പറഞ്ഞു.
















