നെടുമ്പാശ്ശേരി: പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതിക്കായി ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് (ബിഎംഇ) സംവിധാനമൊരുക്കി സിയാല്‍. അന്താരാഷ്‌ട്ര ടെര്‍മിനലില്‍ 15.04 കോടി ചെലവില്‍ സ്ഥാപിച്ച സംവിധാനത്തിന്റെ ഉദ്ഘാടനം നവംബര്‍ 24ന് മുഖ്യമന്ത്രിയും സിയാല്‍ ചെയര്‍മാനുമായ വി.ഡി. സതീശന്‍ നിര്‍വഹിക്കും.
വിമാനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുമ്പോള്‍ അവയിലെ വൈദ്യുത ആവശ്യങ്ങള്‍ നിര്‍വഹിക്കുക എന്നതാണ് ഉപകരണത്തിന്റെ പ്രധാന ചുമതല. സാധാരണയായി എന്‍ജിനുകളോ ഓക്‌സിലറി പവര്‍ യൂണിറ്റോ പ്രവര്‍ത്തിപ്പിച്ച് അതിലെ ഇന്ധനം ഉപയോഗിച്ചാണ് ഇത്തരം ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി കണ്ടെത്തുന്നത്. ഇത് വലിയ രീതിയിലുള്ള ഇന്ധനച്ചെലവിന് കാരണമാകും.
വിമാനത്തിന് ആവശ്യമായ വൈദ്യുതി പുറമേ നിന്ന് എത്തിക്കുകയാണ് ബിഎംഇ ചെയ്യുന്നത്. എയറോബ്രിഡ്ജില്‍ ഘടിപ്പിച്ചിട്ടുള്ള ബിഎംഇ വഴി പാര്‍ക്ക് ചെയ്തിരിക്കുന്ന വിമാനങ്ങളിലേക്ക് ആവശ്യമായ വൈദ്യുതിയും റീകണ്ടീഷന്‍ ചെയ്ത എയറും നേരിട്ട് ലഭ്യമാക്കുന്നു. ഇതുവഴി വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വിമാനങ്ങളുടെ ഇന്ധന ഉപയോഗവും മലിനീകരണവും വലിയ അളവില്‍ കുറയ്‌ക്കാനാകും.
മണിക്കൂറില്‍ ഏകദേശം 122 മുതല്‍ 145 കിലോഗ്രാം കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് തടയാനുമാകും.
ഹരിത വികസനവും സാമ്പത്തിക കാര്യക്ഷമതയും ഒരേസമയം സാധ്യമാക്കുന്ന ഈ പദ്ധതി വ്യോമയാന മേഖലയ്‌ക്ക് തന്നെ മാതൃകയാണെന്ന് സിയാല്‍ അധികൃതര്‍ പറഞ്ഞു.















