ഹുബ്ബള്ളി: കര്‍ണാടക സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് ഭക്ഷ്യവിഷബാധയേറ്റു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ശനിയാഴ്ച പങ്കെടുക്കേണ്ടിയിരുന്ന പ്രധാന പരിപാടികളില്‍ നിന്നും അദ്ദേഹം വിട്ടുനിന്നു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.ശനിയാഴ്ച ഹുബ്ബള്ളിയില്‍ നടന്ന കെ.എല്‍.ഇ ജഗദ്ഗുരു ഗംഗാധര മഹാസ്വാമിഗളു മൂരുസവിരമഠ് മെഡിക്കല്‍ കോളേജിന്റെ പുതിയ അക്കാദമിക് ബ്ലോക്കിന്റെയും 1,200 ബെഡുകളുള്ള ആശുപത്രി സമുച്ചയത്തിന്റെയും ഉദ്ഘാടനമാണ് അമിത് ഷായുടെ പ്രധാന പരിപാടികളിലൊന്ന്.
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഹോട്ടലില്‍ വിശ്രമത്തിലായിരുന്നതിനാല്‍ ഈ ചടങ്ങില്‍ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. തുടര്‍ന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ശരണപ്രകാശ് പാട്ടീല്‍, മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, എം.പി ജഗദീഷ് ഷെട്ടാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിപാടി നടന്നത്.ബെലഗാവി ജില്ലയിലെ ചിക്ക്ഓഡി താലൂക്കില്‍ നടക്കേണ്ടിയിരുന്ന ശ്രീ ബീരേശ്വര കോപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയുടെ പുതിയ ആസ്ഥാന മന്ദിര ഉദ്ഘാടനവും ഇതിനെ തുടര്‍ന്ന് റദ്ദാക്കി. ഛര്‍ദ്ദിയും ശാരീരിക തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് യാത്ര ഒഴിവാക്കിയതെന്നും, നിലവില്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും പ്രഹ്ലാദ് ജോഷി മാധ്യമങ്ങളോട് പറഞ്ഞു.
















