കൊച്ചി: യുവതലമുറയ്‌ക്ക് ആത്മവിശ്വാസം പകരാനും നേര്‍വഴിക്ക് നയിക്കാനും അദ്ധ്യാപകര്‍ക്കേ കഴിയുകയുള്ളുവെന്ന് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ – 26 എറണാകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ വളര്‍ച്ചയില്‍ അമ്മമാര്‍ വഹിക്കുന്ന അതേ പങ്കാണ് അദ്ധ്യാപികമാരും വഹിക്കുന്നത് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സമൂഹം നേരിടുന്ന ധര്‍മ്മച്യുതികള്‍ക്കുള്ള പരിഹാരം അമ്മമാരും അദ്ധ്യാപികമാരുമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ അഡ്വ. ഒ.എം. ശാലീന അധ്യക്ഷത വഹിച്ചു. ശാരദാ മഠം അധ്യക്ഷ പ്രവ്രാജിക സുമേധപ്രാണ മാതാജി അനുഗ്രഹ പ്രഭാഷണം നടത്തി. ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന അധ്യക്ഷ കെ. സ്മിത മുഖ്യപ്രഭാഷണം നടത്തി. സംഗമത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷ കെ.വി. ബിന്ദു, സംസ്ഥാന സെക്രട്ടറി പി. ശ്രീദേവി, സംസ്ഥാന വനിതാ ജോ. കണ്‍വീനര്‍ ധനലക്ഷ്മി വിരിയറഴികത്ത് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ചുനടന്ന വിജ്ഞാനസഭയില്‍ ജന്മഭൂമി മുന്‍ എഡിറ്റര്‍ കെ.വി.എസ്. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വനിതാ വിഭാഗം കണ്‍വീനര്‍ സിനി കൃഷ്ണപുരി സ്വാഗതവും എറണാകുളം ജില്ലാ വനിതാ കണ്‍വീനര്‍ അംബുജം കൃതജ്ഞതയും പറഞ്ഞു.















