സമൂഹത്തിലെ അധഃസ്ഥിതരോടുള്ള ഉദാരപൂര്‍ണ്ണമായ സമീപനം ഉള്ളിലെ സ്‌നേഹമെന്ന നന്മയുടെ പ്രതിഫലനമാണ്. നമ്മുടെ ഹൃദയം മറ്റുള്ളവരുടെ വേദനയില്‍ വിതുമ്പുമ്പോഴാണ് നമ്മിലെ ഈശ്വരനെ നമുക്ക് കണ്ടെത്താന്‍ കഴിയുന്നത്. അപ്പോള്‍ മാത്രമാണ് നമുക്ക് നമ്മെ പഠിയ്‌ക്കാന്‍ കഴിയുന്നത്. ലേശവും സ്വാര്‍ഥതയില്ലാത്ത ഉദാരത ജീവിതത്തിന്റെ ഉത്കൃഷ്ടതയാണ്.
ഉള്ളുകൊണ്ടുണരാതെ ബാഹ്യമായി ഉയര്‍ന്നതുകൊണ്ട് യാതൊരു ഗുണവുമില്ല എന്ന് തിരിച്ചറിയുമ്പോഴാണ് നമ്മിലെ നിസ്സാരത്വം നമുക്ക് മനസ്സിലാകുന്നത്.
മുംബൈ റെയില്‍വേസ്റ്റേഷനില്‍നിന്ന് കൊയ്‌നയിലേയ്‌ക്ക് ട്രെയിന്‍ പോകാന്‍തയ്യാറായി നില്‍ക്കുകയാണ് . യാത്രക്കാര്‍ അതില്‍ കയറുന്ന തിരക്കിലാണ് പുറപ്പെടുംമുന്‍പുള്ള പച്ചക്കൊടികാട്ടാന്‍ അല്പം സമയം കൂടിയേ ഉള്ളൂ.
പെട്ടെന്നൊരു വ്യക്തി കടന്നുവന്ന് ഇരിപ്പിടംകണ്ടുപിടിച്ച് അവിടെയിരു ന്നു.തൊട്ടുപിന്നാലെ ഏതാണ്ട് പത്തുപന്ത്രണ്ടുവയസ്സുള്ള കൃശഗാത്രനായ ഒരു ബാലന്‍ അയാളുടെ പിന്നാലെ കയറി . അവന്റെ തലയില്‍ ഭാരമുള്ള രണ്ടു പെട്ടികള്‍, കയ്യില്‍ വലിയ ഒരു ബാഗ്, തോളില്‍ മറ്റൊരു സഞ്ചി…….! നേരത്തെ കയറിയ യാത്രികന്‍ ആ ബാലന്റെ കയ്യില്‍നിന്നും അതെല്ലാം ഇറക്കിവെച്ചശേഷം അവനു പത്തുരൂപയുടെ ഒരു നോട്ടെടുത്ത് നീട്ടി.
‘അവന്‍ വിക്കിവിക്കി സങ്കടത്തോടെ പറഞ്ഞു: സര്‍…., എന്നോട് കുറച്ചു കനിവുണ്ടാകണം. രണ്ടു രൂപകൂടി
തരണം ……’ പ്രതികരിക്കാതെനില്‍ക്കുന്ന അയാളെ നോക്കി അവന്‍ തുടര്‍ന്നു:
‘……രണ്ടു ദിവസമായിട്ട് ഞാനും എന്റെ കുഞ്ഞനുജത്തിയും പട്ടിണിയാണ്.
അവന്റെ ദയനീയത കണ്ടില്ലെന്നു നടിച്ച് അയാള്‍ പറഞ്ഞു:
‘തന്നതുതന്നെ അധികമാണ് .വേണമെന്നുണ്ടെങ്കില്‍ വേഗം പൊയ്‌ക്കോ.’
അത്രയും പറഞ്ഞ് അയാള്‍ വായനയില്‍ മുഴുകി .
അപ്പോഴേക്കും ട്രെയിന്‍ പുറപ്പെടാനുള്ള വിസില്‍ മുഴങ്ങി. വണ്ടി ചലിച്ചുതുടങ്ങുന്നതു കണ്ട് ആ പാവം ബാലന്‍ വേദനിയ്‌ക്കുന്ന മുഖവുമായി വേഗം പുറത്തിറങ്ങി.
ട്രെയിന്‍ കുറേദൂരം പോയപ്പോള്‍ അടുത്ത സ്റ്റേഷനില്‍നിന്നും കൈക്കു ഞ്ഞുമായി ഒരു കുടുംബം ആ ട്രെയിനില്‍ കയറി. പഴയ സ്റ്റേഷനില്‍ നിന്നും കയറി അയാളുടെ ആഭിമുഖമുള്ള ഇരിപ്പിടത്തില്‍ അവര്‍ ഇരുന്നു.
പലസാധനങ്ങളുമായി വിലപ്പനക്കാരും ട്രെയിനില്‍ കയറുകയുണ്ടായി.
അവരില്‍ ഒരു കളിപ്പാട്ടക്കാരന്‍ കയ്യില്‍ ഡമരുവും സഞ്ചിയില്‍ പാവയും ചുണ്ടില്‍ വിസിലുമായി അതിലേ വന്നു .വിസിലിന്റെ ശബ്ദം കേട്ടതും കുഞ്ഞുഹൃദയം അതിനായി അവന്റെ അമ്മയോട് നിര്‍ബ്ബന്ധിയ്‌ക്കാന്‍ തു ടങ്ങി.അമ്മയാകട്ടെ ആ കുഞ്ഞിനെ അതില്‍നിന്നും പിന്തിരിപ്പിയ്‌ക്കുവാ ന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. അവന്റെ അച്ഛന്‍ വഴക്കുപറഞ്ഞതോടെ അവന്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി .കളിപ്പാട്ടക്കാരനാകട്ടെ, അതിനോടകം കുറച്ചുദൂരെയെത്തുകയും ചെയ്തിരുന്നു.
പക്ഷെ ആ കുഞ്ഞിന്റെ കരച്ചില്‍ കേട്ട അയാള്‍ അവിടെനിന്നും തിരികെ വന്നു. അതിനുശേഷം സന്തോഷപൂര്‍വ്വം ഒരു വിസിലെടുത്ത് അവനു നല്‍കി. ആ പിഞ്ചുമുഖത്തു പുഞ്ചിരി വിടര്‍ന്നു.
വിസിലിന്റെ വില നല്‍കുവാനായി ‘അമ്മ അവരുടെ പേഴ്സ് തുറക്കുന്നത് കണ്ട ആ സാധുവായ വില്പനക്കാരന്‍ അത് തടഞ്ഞുകൊണ്ട് പറഞ്ഞു:
‘ഇരിയ്‌ക്കട്ടെ,…..ഈ കുഞ്ഞിന്റെ സന്തോഷംതന്നെയാണ് ഇതിന്റെ വില !
ഇന്നെന്റെകച്ചവടം നന്നായിരിക്കും .’ അത്രയും പറഞ്ഞു അയാള്‍ മുന്നോട്ടു നടന്നു.
ഇതെല്ലാം കണ്ടുകൊണ്ടു മുന്നിലിരുന്ന പഴയ യാത്രക്കാരന്‍ തന്റെ അജ്ഞതയില്‍ ലജ്ജിച്ചു തലകുനിച്ചിരുന്നുപോയി ! തന്റെ ചുമടുമായി വന്ന ആ പാവം ബാലനെ വേദനിപ്പിച്ചുവിട്ടത് ശരിയായില്ല.
അതെ, ഈ പാവം വില്പനക്കാരന്റെ വിശാലമായ മനസ്സിനുമുന്നില്‍ എങ്ങനെ നമിയ്‌ക്കാത്തിരിയ്‌ക്കും !
ശരിയാണ് ; നാം എത്രമാത്രം നിസ്സാരരാണെന്ന് മറ്റുള്ളവരുടെ മഹത്തായ പ്രവൃത്തി കാണുമ്പോഴാണ് തിരിച്ചറിയുന്നത് . എന്നാല്‍ ഹൃദയം ഉദാരമെങ്കില്‍ അങ്ങനെയൊരവസ്ഥ ഒരിടത്തും ഉണ്ടാവുകയില്ല.
മറ്റുള്ളവരോടുള്ള ഉദാരത എന്നത് മഹാസൗഭാഗ്യംതന്നെയാണ്.
പല ഉദാരമനസ്‌കരുമാണ് നാം അറിഞ്ഞും അറിയാതെയും നമ്മെ ഉയരങ്ങളിലേക്ക് ആനയിച്ചിട്ടുള്ളത് എന്നത് ഓര്‍മ്മയില്‍ വെയ്‌ക്കുക . നമ്മുടെ സ്‌നേഹോദാരമായ കാഴ്‌ച്ചപ്പാട് ജീവിതത്തില്‍ നമുക്കുകിട്ടിയ ഈശ്വരകാരുണ്യമാണെന്നോര്‍ക്കുക .
















