
42
ആദിത്യജാലമതു മാണിക്യമായ് വിലസു –
മീരത്‌നകോടീരമമ്മേ
ശ്രീശൈലജേ ദേവി! കീര്‍ത്തിപ്പതിന്നേക –
നോര്‍മ്മിക്കവേ സരസചിത്തന്‍
കാണപ്പെടുന്നവനു നിന്‍ മൗലിമേലണിയു-
മാലോലബാലേന്ദുലേഖാ
മാഹേന്ദ്രചാപവടിവേലുംപടിക്കു മണി –
ദീപപ്രഭാകലിതശോഭാ
43
സ്വര്‍ല്ലോകനീലവനവല്ലീസുമാവലിക –
ളെല്ലാമണഞ്ഞു മുഴുകീട്ട –
ങ്ങുല്ലാസമാര്‍ന്നു ഗുണഗന്ധം കലര്‍ന്നു ശുഭ-
മെല്ലാടവും വിതറി നില്ക്കും
ധമ്മില്ലഭാരമിതു ചൊല്ലുള്ള കാര്‍കമല-
തുല്യാഭമെങ്ങുമിടതൂര്‍ന്നും
കല്യാണി, ഞങ്ങളുടെയുള്ളില്‍ നിറഞ്ഞൊരിരു-
ളില്ലാതെയാക്കിടുക നിത്യം
44
ഇരുള്‍ കുന്തളം പരിചിലിരുഭാഗമാക്കിയതി –
നിടയില്‍ മനോജ്ഞമുകുളം പോ-
ലഴകൂറി വീഴുമൊരു വഴിയായഹോവിലസു –
മവിടുത്തെ സീമന്തകലയോ!
തടവില്‍പെടും മിഹിരകിരണം പുറത്തൊഴുകി
നിറയും പ്രഭാതസുഖമോടീ –
യണികുങ്കുമം ജനനി,യരുളട്ടെ ഞങ്ങളുടെ –
യഖിലാര്‍ത്ഥസൗഭാഗ്യമെന്നും